ബഫർസോൺ: കോൺഗ്രസും സമരരംഗത്ത്


സീതത്തോട് : ബഫർ സോൺ വിഷയത്തിൽ പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സമരരംഗത്ത് എത്തി. ചൊവ്വാഴ്ച സീതത്തോട്ടിൽ കോൺഗ്രസ് സമരത്തിന് തുടക്കംകുറിച്ച് വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഇതോടെ മലയോര മേഖലയിൽ ബഫർസോണിനെതിരേയുള്ള പ്രതിഷേധ സമരം കൂടുതൽ ശക്തമാകുകയാണ്. സർക്കാർ തലത്തിൽ ഉന്നത ചർച്ചകൾക്ക് തുടക്കമായെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

സീതത്തോട്, ചിറ്റാർ, പെരുനാട്, കൊല്ലമുള വില്ലേജുകളെ ബഫർ സോൺ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് കർഷകരുടെയും കർഷക സംഘടനകളുടെയും ആവശ്യം. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഫീൽഡ് സർവേ നടത്തുമെന്നും‌ ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കുമെന്നും വ്യക്തമാക്കിയെങ്കിലും ഇത് നടപടിയാകുംവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തിൽ കർഷക സംഘടനകൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും പുറമേ മത സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. മലയോരമേഖലയിൽ ബഫർസോൺ പ്രശ്‌നം ഏറ്റവും ഭീതിയോടെ കാണുന്നത് ആയിരക്കണക്കിന് വരുന്ന കൈവശ കർഷകരാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഇവരുടെ ഭൂമിയുടെ പട്ടയനടപടികൾ എന്നന്നേക്കുമായി അനിശ്ചിതത്വത്തിലാകാനിടയുണ്ട്.

പെരിയാർ കടുവാസങ്കേതത്തിൽനിന്നു 70-കിലോമീറ്റർ അകലെയുള്ള ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഗ്രഹ സർവേ പൂർണമായി ഉപേക്ഷിച്ച് ഫീൽഡ് പരിശോധന നടത്തണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. അതേസമയം ബഫർസോണിൽ വരുന്ന കൃഷിസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയുമെല്ലാം നിലവിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകണമെന്ന പ്രഖ്യാപനം ജനങ്ങളിൽ സംശയം ഉയർത്തുന്നുണ്ട്. കാരണം ജനവാസകേന്ദ്രങ്ങളെ പൂർണമായും ബഫർസോണിൽ നിന്നൊഴിവാക്കി സീറോ ബഫർസോൺ പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യം നിലനിൽക്കുമ്പോൾ എന്തിന് അപേക്ഷ നൽകണമെന്ന് കർഷകർ ചോദിക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..