ചങ്കിടിപ്പേറ്റി പുതിയ മാപ്പും


സർക്കാർ പുറത്തിറക്കിയ പുതിയ മാപ്പിൽ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളുടെ രൂപരേഖ. പച്ചനിറത്തിലുള്ളത് വനമേഖല, വയലറ്റ് നിറത്തിലുള്ളത് ജനവാസമേഖല, പിങ്ക് നിറത്തിലുള്ളത് പരിസ്ഥിതിലോല മേഖല

സീതത്തോട് : കരുതൽമേഖല (ബഫർ സോൺ) വിഷയത്തിൽ അനിശ്ചിതത്വവും ആശങ്കകളും കത്തിനിൽക്കെ സർക്കാർ പുറത്തുവിട്ട പുതിയമാപ്പിലും അവ്യക്തത. സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ മാത്രമാണ് കരുതൽമേഖല പരിധിയിൽ ഉൾപ്പെടുന്ന പട്ടികയിലുള്ളത്. മുമ്പ് പെരുനാട്, കൊല്ലമുള ഉൾപ്പെടെ നാലു വില്ലേജുകളാണ് ജില്ലയിലെ കരുതൽമേഖല പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, ഈ വില്ലേജിലെ സ്ഥലങ്ങൾ മാപ്പിൽ ഉൾപ്പെട്ടിട്ടുമുണ്ട്.

ഇപ്പോൾ പുറത്തുവന്ന മാപ്പിലും കരുതൽമേഖലയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും കൃഷിഭൂമിയുമൊന്നും സംബന്ധിച്ച് വ്യക്തമായ വിവരമില്ല. വിവിധ കളറടയാളങ്ങളിലൂടെ കരുതൽമേഖല പട്ടികയിലുൾപ്പെടുന്നതും പുറത്തുള്ളതുമായ സ്ഥലങ്ങളും വനങ്ങളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമെല്ലാം തിരിച്ചറിയാമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. സ്ഥലനാമങ്ങളോ ദൂരപരിധിയോ ഒന്നും ഇപ്പോഴത്തെ മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഏതൊക്കെ സ്ഥലങ്ങൾ ഉൾപ്പെടും, എവിടെയൊക്കെ ഉൾപ്പെടില്ല എന്നത് സംബന്ധിച്ച് വ്യക്തതയുമില്ല. ചുരുക്കത്തിൽ പുതിയ മാപ്പ് പുറത്തുവന്നതോടെ ജനങ്ങൾ കൂടുതൽ ആശങ്കയിലായിരിക്കുകയാണ്.

ആശങ്കയ്ക്ക് വകയില്ലാതെ കരുതൽമേഖല പ്രശ്‌നത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ പ്രസിദ്ധീകരിച്ച മാപ്പിൽ കൂടുതൽ അവ്യക്തത കണ്ടെത്തിയതോടെ എങ്ങനെ ഇത് വിശ്വസിക്കാൻ കഴിയുമെന്നാണ് കർഷകർ ചോദിക്കുന്നത്.

ശബരിമല ഉൾപ്പെടെ പെരിയാർ കടുവാ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളുൾപ്പെടുന്ന വില്ലേജുകളാണ് പെരുനാടും കൊല്ലമുളയുമൊക്കെ.

എന്നാൽ ഈ പ്രദേശങ്ങളൊന്നും പുതിയ പട്ടികയിലില്ല. ഇതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് 50-70 കിലോമീറ്റർ അകലെയുള്ള സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ കരുതൽമേഖല പട്ടികയിലുൾപ്പെടുമ്പോൾ കടുവാ സങ്കേതത്തിൽപെട്ട സ്ഥലങ്ങളുള്ള പെരുനാടും കൊല്ലമുളയും എങ്ങനെ ഒഴിവായി എന്ന് കർഷകർ ചോദിക്കുന്നു. പുതിയ മാപ്പിൽ ദൂരപരിധി സംബന്ധിച്ച് വ്യക്തമായ വിവരമില്ല. ഒരു കിലോമീറ്റർ ദൂരപരിധിയാണ് പരിധിയെന്ന് പറയുമ്പോഴും പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ ദൂരപരിധി രണ്ട് കിലോമീറ്റർ വരെ എത്തിയതായാണ് പുതിയ മാപ്പ് വ്യക്തമാക്കുന്നത്.

ഇതൊക്കെ എങ്ങനെ മനസ്സിലാകും?

മാപ്പുകൾ നിലനിൽക്കുന്നതല്ല-കിഫ

സീതത്തോട് : കരുതൽമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാപ്പുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് സ്വതന്ത്ര കർഷകസംഘടനയായ കിഫ പറഞ്ഞു. ഒരു വർഷം മുമ്പ് സുപ്രീംകോടതിയിലേക്ക് സർക്കാർ നൽകിയ റിപ്പോർട്ടാണിത്. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതിവിധിയോടെ ഇത് അപ്രസക്തവും അസാധുവുമായി. സുപ്രീംകോടതി നിർദേശിച്ച പ്രകാരം ഒരുകിലോമീറ്റർ പരിധിയിലുള്ള കെട്ടിടങ്ങളുടെയും ജനങ്ങളുടെയും വ്യക്തമായ കണക്കുകൾ നൽകണം. കേരളത്തിൽ വനത്തിനുപുറത്ത് കരുതൽ മേഖല പ്രായോഗികമല്ലെന്ന നിലപാട് സ്വീകരിച്ച് സംസ്ഥാനത്തിന് മുഴുവനായി വിധിയിൽ ഇളവ് വാങ്ങണമെന്നും കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജും ചെയർമാൻ അലക്‌സ് ഒഴുകയിലും പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..