കൂടുതൽ ബാധിക്കുക സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളെ


സീതത്തോട് : പത്തനംതിട്ട ജില്ലയിൽ ബഫർസോൺ പ്രശ്‌നം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളെ. ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് പ്രശ്‌നം വന്നിട്ടുള്ളതെങ്കിലും പൂർണമായും പട്ടികയിലുൾപ്പെടുന്നത് സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ മാത്രമാണ്. പെരുനാട് പഞ്ചായത്തിലെ ആറു വാർഡുകളും, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും മാത്രമാണ് ജില്ലയിൽ കരുതൽ മേഖലാ പട്ടികയിലുൾപ്പെടുന്നത്.

രണ്ട്‌ പഞ്ചായത്തുകൾ എങ്ങനെ പെട്ടു

:അതേസമയം പെരിയാർ വന്യജീവി സങ്കേതവുമായി വലിയ അകലം പാലിക്കുന്ന രണ്ട് പഞ്ചായത്തുകൾ എങ്ങനെ പൂർണമായും പട്ടികയിൽപെട്ടു എന്നതാണ് കർഷരുൾപ്പെടെ ജനങ്ങളെയാകെ ആശങ്കയിലാക്കുന്നത്.

സീതത്തോടുനിന്ന് അറുപത് കിലോമീറ്റർ അകലെയുള്ള ഗവി വാർഡ് മാത്രമാണ് പൂർണമായും പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്നത്. കൊച്ചുപമ്പ വരെയാണ് ഇതിന്റെ അതിർത്തി. ആനത്തോട് മുതൽ പഞ്ചായത്തിലുൾപ്പെടുന്ന മറ്റ് വനമേഖലകളെല്ലാം ഗൂഡ്രിക്കൽ, വടശേരിക്കര വനം റെയ്‌ഞ്ചുകളുടെ പരിധിയിലാണ് വരുന്നത്. ചിറ്റാർ പഞ്ചായത്ത് പെരിയാർ വന്യജീവി സങ്കേതവുമായോ, തൊട്ടടുത്ത ഗൂഡ്രിക്കൽ വനം റെയ്‌ഞ്ചുമായോ എവിടെയും അതിർത്തിപങ്കിടുന്നില്ല. എന്നാൽ ഈ പഞ്ചായത്തും പൂർണമായി കരുതൽ മേഖല പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. പെരിയാർ കടുവാ സങ്കേതത്തിന് വളരെ ദൂരത്തിലുള്ള സീതത്തോട്, ചിറ്റാർ മേഖലയിലെ ജനവാസകേന്ദ്രങ്ങൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചു എന്നതാണ് ജനങ്ങളെയാകെ അദ്‌ഭുതപ്പെടുത്തുന്നത്.

ഉൾപ്പെട്ടിരിക്കുന്നത് ജനവാസകേന്ദ്രങ്ങൾ

സർക്കാർ പുറത്തുവിട്ട പുതിയ കരുതൽ മേഖല മാപ്പിലും മലയോര മേഖലയിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവായിട്ടില്ല. ഇപ്പോൾ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങളധികവും കൃഷിയിടങ്ങളും, ജനവാസകേന്ദ്രങ്ങളുമാണ്. നാലു വില്ലേജുകളിലായി ഒരു ലക്ഷത്തോളം പേരെയാണ് ബാധിക്കുക. ജനവാസ കേന്ദ്രങ്ങളൊക്കെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമെന്നതാണ് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്. കോടതി നടപടികൾ പ്രതികൂലമായാൽ എന്തുചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്.

കാർഷിക മേഖലയായ മലയോരമേഖലയിൽ കൃഷിയും അനുബന്ധ കാര്യങ്ങളെയും ആശ്രയിച്ചാണ് ജനങ്ങളിൽ ഭൂരിഭാഗവും ജീവിക്കുന്നത്.കരുതൽ മേഖലയിൽപെട്ടാൽ കൃഷിചെയ്യുന്നതിനുപോലും കടുത്ത നിയന്ത്രണംവന്നുപെടും. റബ്ബർ കൃഷി തുടരാൻപോലും പറ്റാത്ത സ്ഥിതിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാമുകളുമെല്ലാം നിയന്ത്രണവിധേയമാകും. ഇത്തരമൊരു സാഹചര്യംവന്നുപെട്ടാൽ എങ്ങനെ ജീവിക്കാൻ കഴിയുമെന്നും കർഷർ ആശങ്കപ്പെടുന്നു.

പ്രതിഷേധം

:അതിനിടെ പമ്പാവാലിയിൽ വെള്ളിയാഴ്ച കർഷകർ പ്രതിഷേധ സമരത്തിന് തുടക്കംകുറിച്ചു. ഇവിടെ എഴുകുംമണ്ണ് ഫോറസ്റ്റ് സ്റ്റേഷന്റെ ബോർഡ് തകർത്ത് കർഷകർ കരിഓയിൽ ഒഴിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..