Caption
സീതത്തോട് : സർക്കാർ പുറത്തുവിട്ട കരുതൽ മേഖല മാപ്പിൽ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡുകളും അതിരടയാളങ്ങളിലും ഗുരുതര പിഴവ്. മാപ്പിൽ പല സ്ഥലങ്ങളുടെയും സ്ഥാനം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്ലാപ്പള്ളിയിൽ നിന്ന് തുടങ്ങി ആങ്ങമൂഴി, കക്കി വഴി വണ്ടിപ്പെരിയാറിലേക്ക് പോകുന്ന പി.കെ.വി. റോഡ് മാപ്പിൽ പൂർണമായും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കൽ പള്ളി, ആങ്ങമൂഴി കവല തുടങ്ങിയ സ്ഥലങ്ങളെല്ലാം മാപ്പിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂഴിയാറിൽനിന്ന് സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിലൂടെ പോകുന്ന കക്കാട്ടാറ് മാപ്പിൽ എവിടെയും ഇല്ല. പലയിടത്തും പെരിയാർ കടുവസങ്കേതത്തിന്റെ വനമേഖലയോട് കൂടുതൽ ചേർന്നുവരുന്നത് ചിറ്റാർ പഞ്ചായത്താണെന്നും മാപ്പിൽ കാണാം. പ്ലാപ്പള്ളിയിൽ നിന്നു തുടങ്ങി ചിറ്റാർ വഴി വടശ്ശേരിക്കരയിലെത്തുന്ന ശബരിമല അനുബന്ധപാതയും മാപ്പിലില്ല.
സ്ഥലത്തെക്കുറിച്ച് യാതൊരു രൂപരേഖയുമില്ലാതെയാണ് മാപ്പ് തയ്യാറാക്കിയതെന്നാണ് ഇതോടെ ആക്ഷേപം ശക്തമായിട്ടുള്ളത്. മാപ്പിൽ ഒരു ഭാഗത്ത് കണമലയുടെ വളരെ അടുത്തായി ചിറ്റാർ രേഖപ്പെടുത്തിയിരിക്കുന്നതും വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഗവിയിൽ ഹെൽപ്പ് ഡെസ്‌ക് തുറക്കും
സീതത്തോട് : കരുതൽ മേഖല ആശങ്കകൾ പരിഹരിക്കുന്നതിനായി ഗവിയിൽ സീതത്തോട് പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക് തുറക്കും. ബഫർസോൺ പ്രശ്‌നം ചർച്ചചെയ്യുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്ത റവന്യൂ, വനം വകുപ്പുതല ഉദ്യോഗസഥരുടെയും, ജനപ്രതിനിധികളുടെയും കർഷകരുടെയും യോഗത്തിന്റേതാണ് തീരുമാനം. ഈ പ്രദേശത്തെ കെട്ടിടങ്ങളുടെയും ,ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറും. കരുതൽ മേഖല മാപ്പ് പഞ്ചായത്തിലെ വിവിധ ഓഫീസുകളിൽ പ്രദർശിപ്പിക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരിയാർ ടൈഗർ റിസർവ് റെയ്‌ഞ്ച് ഓഫീസർ ജ്യോതിഷ്‌കുമാർ രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാമുഹമ്മദ് റാഫി,ജോബി ടി ഈശോ,വില്ലേജ് ഓഫീസർ ഏബ്രഹാം വർഗീസ്, പഞ്ചായത്ത് സെക്രട്ടറി ആനന്ദ് കിഷോർ,ശ്രീലജ അനിൽ, വസന്ത ആനന്ദൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..