Caption
സീതത്തോട് : ഒരു വർഷം മുമ്പ് വൻ ആഘോഷത്തോടെ നിർമാണ ഉദ്ഘാടനം നടത്തിയ സീതത്തോട് ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ പണി ഇതുവരെ തുടങ്ങിയില്ല.
ഇപ്പോൾ ഭൂമിയുടെ ഉടമസ്ഥതസംബന്ധിച്ച് വിവാദംകൂടി ഉയർന്നതോടെ ഇനി പണി തുടങ്ങാനാകുമോ എന്നും ആശങ്ക ഉയർന്നിട്ടുണ്ട്. നേരത്തേ ടൗണിലുണ്ടായിരുന്ന ഒരുനില ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു നീക്കിയാണ് ബഹുനില മന്ദിരം പണിയാൻ പഞ്ചായത്ത് തീരുമാനിച്ചത്. 2021 നവംബറിൽ അന്നത്തെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ എത്തിയാണ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടം നിർവഹിച്ചത്.
മൂന്നു നിലകളിലായി മുപ്പതിനായിരം ചതുരശ്ര അടിയിൽ പണിയുന്ന ആദ്യഘട്ട ഷോപ്പിങ് കോംപ്ലക്‌സിന് 7.5 കോടി രൂപയാണ് വക കൊള്ളിച്ചിട്ടുള്ളത്. ഇതിൽ ഓട്ടോ ടാക്‌സി പാർക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുള്ളതായി പറയുന്നു. അഞ്ച് നിലകളുള്ള ഷോപ്പിങ് കോംപ്ലക്‌സാണിവിടെ വിഭാവനം ചെയ്തിട്ടുള്ളത്.
അതേസമയം കെട്ടിടം പണിയുന്ന സ്ഥലത്തെ ഭൂമിയുടെ അളവ് സംബന്ധിച്ച വിവാദമാണിപ്പോൾ പ്രശ്‌നമായിട്ടുള്ളത്. ടൗണിൽ കെട്ടിടം പണിയുന്ന ഭാഗത്ത് പഞ്ചായത്തിന് പത്ത് സെന്റിൽ താഴെ മാത്രമേ ഭൂമിയുള്ളൂ. ഈ സ്ഥലത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ച് മുപ്പതിനായിരം ചതുരശ്രഅടി കെട്ടിടം എങ്ങനെ പണിയുമെന്നത് ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ഇതു കാരണം കെട്ടിടനിർമാണത്തിനുള്ള സാങ്കേതിക അനുമതിയും ലഭിച്ചിട്ടില്ല.
ഭവന നിർമാണ ബോർഡാണ് കെട്ടിടനിർമാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പണി തുടങ്ങിയില്ലെങ്കിലും 97-ലക്ഷം രൂപ പഞ്ചായത്ത് ഈ ഏജൻസിക്ക് മുൻകൂറായി നൽകി കഴിഞ്ഞു.
അടുത്തിടെ മൂന്നര കോടി രൂപ കൂടി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും പ്രതിപക്ഷ മെമ്പർമാരുടെ എതിർപ്പിനെ തുടർന്ന് തുക കൈമാറുന്നത് നിർത്തിവച്ചിരിക്കുകയാണ്. ആദ്യഘട്ട നിർമാണ ജോലി പൂർത്തിയാക്കി കരാർ വ്യവസ്ഥകളനുസരിച്ച് മാത്രമേ തുക കൈമാറാൻ പാടുള്ളൂ എന്ന് പ്രതിപക്ഷ അംഗങ്ങൾ ഉറച്ച നിലപാട് എടുത്തതോടെയാണ് തുക കൈമാറുന്നത് നിർത്തിവച്ചത്.
പ്ലാപ്പള്ളി-ചിറ്റാർ വടശേരിക്കര ശബരിമല അനുബന്ധപാത ഉൾപ്പെടെ ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്ന സ്ഥലത്തിന്റെ മൂന്നുവശത്തും റോഡുകളുണ്ട്. ഇതിന്റെയെല്ലാം അകലം പാലിച്ച് നിർദിഷ്ട അളവിൽ കെട്ടിടം പണിയുക സാധ്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്.
എന്നാൽ ഇതൊന്നും പരിഗണിക്കാതെ രൂപരേഖ തയ്യാറാക്കിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് 16-മുറികളുണ്ടായിരുന്ന ഷോപ്പിങ് കോംപ്ലക്‌സിൽനിന്നു 9-ലക്ഷത്തോളം രൂപ വർഷം തോറും പഞ്ചായത്തിന് വാടക വരുമാനം ലഭിച്ചിരുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..