ബഫർസോൺ: പുതിയ ഭൂപടത്തിൽ അവ്യക്തതകളേറെ


1 min read
Read later
Print
Share

ചിലയിടങ്ങളിൽ ജനവാസകേന്ദ്രങ്ങൾ ഒഴിവായി

• സീതത്തോട് പഞ്ചായത്ത് മാപ്പ്

സീതത്തോട് : ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട പുതിയഭൂപടത്തിൽ കരുതൽമേഖലയിൽ ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥലങ്ങൾ സംബന്ധിച്ച് കുറേക്കൂടി വ്യക്തത വന്നിട്ടുണ്ടെങ്കിലും അവ്യക്തയും ആശങ്കയും ഒഴിയുന്നില്ല. സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഗുരുതര പിഴവാണ് വീണ്ടും വന്നിട്ടുള്ളത്. കരുതൽ മേഖലയുമായി ഒരു ബന്ധവുമില്ലാത്ത ചിറ്റാർ പഞ്ചായത്ത് വീണ്ടും മാപ്പിൽ ഉൾപ്പെട്ടിട്ടുള്ളതും സ്ഥലനാമങ്ങൾ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതും ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുകയാണ്.

സീതത്തോട് പഞ്ചായത്തിൽ ആനത്തോട്- കക്കി മേഖകലകൾ അതിർത്തിയായി കണക്കാക്കിയാണ് ബഫർസോൺ ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഗവി ഒഴികെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്നതായി കാണുന്നില്ല. അതേസമയം കക്കിയിൽനിന്ന് ചാലക്കയം വലിയവളവ് കടന്ന് അട്ടത്തോട് പ്രദേശങ്ങളിലൂടെ മൂക്കൻപെട്ടി, കണമല, തുലാപ്പള്ളി പ്രദേശത്തുകൂടി പെരുനാട് പഞ്ചായത്തിലേക്ക് കരുതൽമേഖലയുടെ അതിർത്തി എത്തുകയാണ്. എന്നാൽ ഈ സ്ഥലങ്ങളിലൊന്നും വ്യക്തമായ അതിരടയാളങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ജനവാസ കേന്ദ്രങ്ങളിൽ എവിടെവരെ ഇതു ബാധിക്കുമെന്ന് വ്യക്തമല്ല.

സ്ഥലനാമങ്ങളിലെ അവ്യക്തതയാണ് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സീതത്തോട്-പെരുനാട് പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ശബരിമല പാതയിലെ പ്ലാപ്പള്ളി, ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചിറ്റാർ പഞ്ചായത്തിലാണ്. നിലയ്ക്കലും ചിറ്റാർ പഞ്ചായത്തിന്റെ അതിർത്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുഭാഗത്ത് കൊല്ലമുള ചിറ്റാർ പഞ്ചായത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കാണാം. അതേസമയം ചിറ്റാർ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ വയ്യാറ്റുപുഴ ഉൾപ്പെടുത്തിയിരിക്കുന്നത് സീതത്തോട് പഞ്ചായത്തിലാണ്. ഇത്തരത്തിൽ സ്ഥലനാമങ്ങളിൽ വ്യാപകമായി തെറ്റുവന്നിട്ടുള്ള മേഖലകളെല്ലാം ജനവാസകേന്ദ്രങ്ങളാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

ഭൂപടത്തിൽ സീതത്തോട് പഞ്ചായത്തിന്റെ അതിർത്തിരേഖകൾ പരിശോധിച്ചാൽ ശബരിമല സന്നിധാനവും സീതത്തോട് പഞ്ചായത്തിലാണ്. അതേസമയം ഗവി പൂർണമായും പെരിയാർ വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബഫർസോൺ അതിർത്തി നിശ്ചയിച്ചിട്ടുള്ള ആനത്തോട്-കക്കി മേഖലയിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് ചിറ്റാർ പഞ്ചായത്ത്. ഈ പഞ്ചായത്ത് ഭൂപടത്തിൽ എങ്ങനെ വന്നെത്തി എന്ന ചോദ്യം കർഷക സംഘടനകൾ ഉയർത്തിക്കഴിഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..