Caption
സീതത്തോട് : കരുതൽമേഖല (ബഫർസോൺ) വിഷയത്തിൽ സർക്കാർ തുടർച്ചയായി മാപ്പുകൾ പുറത്ത് വിട്ടിട്ടും ജില്ലയുടെ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അകലുന്നില്ല. ഓരോ മാപ്പുകൾ പ്രസിദ്ധീകരിക്കുമ്പോഴും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്ത് വരുന്നതെന്നതാണിതിന് പ്രധാന കാരണം. മൂന്നാമത് പ്രസിദ്ധീകരിച്ച മാപ്പിലും ജില്ലയിലെ കരുതൽ മേഖലയിലുൾപ്പെടുന്ന സ്ഥലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിൽ പിഴവുണ്ട്. ഓരോ പ്രദേശങ്ങളും കൃത്യമായി കാണിക്കുന്ന അതിരടയാളങ്ങളില്ലെന്നതും പോരായ്മയാണ്.
സീതത്തോട്, ചിറ്റാർ, പെരുനാട്, കൊല്ലമുള വില്ലേജുകളാണ് ജില്ലയിൽ കരുതൽ മേഖലയിൽ ഉൾപ്പെടുന്നതായി പുറത്ത് വിട്ടിട്ടുള്ള വിവരം. ഇതിൽ പെരുനാട് പഞ്ചായത്തിലെ ആറുവാർഡും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ പൂർണമായും ഉൾപ്പെടുമെന്നാണ് ആദ്യമാപ്പിൽ വ്യക്തമാക്കിയിരുന്നത്. ലക്ഷത്തിൽപരം ആളുകളെ ഇത് ബാധിക്കും.
രണ്ടാമത് പ്രസിദ്ധീകരിച്ച മാപ്പിലും പ്രശ്‌നങ്ങൾ ഉയർന്നതോടെ പരിഹാരമാർഗമായാണ് മൂന്നാമതും സർക്കാർ മാപ്പ് പുറത്തുവിട്ടത്. ജില്ലയിലെ മലയോര മേഖലയിലെ സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതിൽ പിഴവാണ് മൂന്നാം മാപ്പിൽ സംഭവിച്ചിട്ടുള്ളത്. ഇതോടെ ജനവാസ കേന്ദ്രത്തിൽ എവിടെവരെ കരുതൽമേഖല പരിധിയെത്തുമെന്നത് കൃത്യമാക്കാനാകില്ലെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ പ്രസിദ്ധീകരിച്ച മാപ്പിൽ സീതത്തോട് പഞ്ചായത്തിൽ കക്കി-ആനത്തോട് മേഖല കരുതൽമേഖല അതിർത്തിയായി കാണിച്ചിട്ടുണ്ട്. ഇത് ജനവാസകേന്ദ്രങ്ങളിൽനിന്ന് വളരെ അകലയാണെന്നത് പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വസിക്കാം. അതേസമയം, പെരിയാർ കടുവ സങ്കേതത്തിൽ പൂർണമായി ഉൾപ്പെടുന്ന ശബരിമലയും പരിസര വനമേഖലകളും പഞ്ചായത്ത് അതിർത്തിയിൽ വരുമ്പോൾ സീതത്തോട് പഞ്ചായത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തെറ്റാണ്.
കരുതൽ മേഖലയുടെ അതിർത്തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ചിറ്റാർ പഞ്ചായത്ത് ഇത്തവണയും മാപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. ചിറ്റാർ പഞ്ചായത്ത് പെരിയാർ കടുവസങ്കേതവുമായി എവിടെയും അതിർത്തി പങ്കിടുന്നില്ല. എന്നാൽ കരുതൽമേഖലയോട് ചേർന്നുവരുന്ന നിലയ്ക്കൽ മേഖല ചിറ്റാർ പഞ്ചായത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്ലാപ്പള്ളി, കൊല്ലമുള പ്രദേശങ്ങളും ഇതേ പഞ്ചായത്തിലാണ് കാണുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള പൂർണമായും കരുതൽ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ഇത് ജനവാസകേന്ദ്രവുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..