ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി: ഭരണസമിതിയംഗങ്ങളും കുടുംബശ്രീ ചെയർപേഴ്‌സണുമായി തർക്കം


സി.പി.എമ്മിലെ വിഭാഗീയതയെന്ന് പ്രതിപക്ഷം

സീതത്തോട് : ചിറ്റാർ പഞ്ചായത്തിൽ ഭരണസമിതിയംഗങ്ങളും കുടുംബശ്രീ ചെയർപേഴ്‌സണുമായുണ്ടായ വാഗ്വാദത്തെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ കരച്ചിലും ബഹളവും തർക്കവും. സി.ഡി.എസ്. ചെയർപേഴ്‌സൺ പഞ്ചായത്ത് അംഗങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രസിഡന്റ് സജി കുളത്തുങ്കൽ ആരോപിച്ചു. ചെയർപേഴ്‌സൺ മിനി അശോകനെ പഞ്ചായത്ത് കമ്മിറ്റിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെയാണ് തർക്കം തുടങ്ങിയത്.

അതേസമയം ചിറ്റാർ പഞ്ചായത്തിലെ വിവിധ ടെൻഡറുകൾ അംഗീകരിക്കുന്നതിനായി ശനിയാഴ്ച ചേർന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ടെൻഡർ അംഗീകരിക്കൽ മാത്രമാണ് അജൻഡയായി നിശ്ചയിച്ചിരുന്നത്. എന്നാൽ അതിൽനിന്ന് വഴിമാറി കുടുംബശ്രീ ചെയർപേഴ്‌സണെ വിളിച്ചുവരുത്തി തർക്കവും ബഹളവും ഉണ്ടാക്കിയത് സി.പി.എമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയാണെന്ന് യു.ഡി.എഫ്. പാർലമെൻററി പാർട്ടി നേതാവ് എ.ബഷീർ പറഞ്ഞു.

കുടുംബശ്രീ ചെയർപേഴ്‌സണെ വിളിച്ചുവരുത്തി ആക്ഷേപിക്കുന്നതിന് തുല്യമായാണ് കമ്മിറ്റിയിൽ ഭരണകക്ഷിയിൽനിന്ന് ആരോപണമുണ്ടായതെന്ന് പറയുന്നു. പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിലെ ഭരണസമിതിയംഗങ്ങളുടെ ഭാഗത്ത് നിന്ന് പൂർണ സഹകരണം ലഭിക്കുന്നില്ലെന്ന് കുടുംബശ്രീ ചെയർപേഴ്‌സൺ മിനി അശോകനും തിരിച്ചടിച്ചു.

ഇതോടെ തർക്കം രൂക്ഷമായി. ആശ്രയ പദ്ധതിയുടെ ഭാഗമായി 47 ലക്ഷം രൂപയുടെ കുടുംബശ്രീ ഫണ്ട് ചെലവഴിക്കാൻ കഴിയാതെ കിടക്കുന്നതും കുടുംബശ്രീ ചെയർപേഴ്‌സൺ ഉദാഹരണമായി ചൂണ്ടിക്കാട്ടി. തർക്കം മൂർച്ഛിച്ചതോടെ കുടുംബശ്രീ ഓഫീസ് പഞ്ചായത്തിൽനിന്ന് മാറ്റണമെന്ന് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇതോടെ പ്രതിപക്ഷം പ്രശ്‌നത്തിൽ ഇടപെട്ടു. അഭിപ്രായം തിരുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റിന് വഴങ്ങേണ്ടിവന്നു.

ഇത്തവണ കുടുംബശ്രീ ഭാരവാഹി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതലെ ചിറ്റാറിൽ സി.പി.എമ്മിലെ ഇരുവിഭാഗം ഇടഞ്ഞുനിൽക്കുകയാണ്.

പഞ്ചായത്തിലെ ഭരണ ചുമതലയുള്ള മറ്റൊരു വനിതാ അംഗം ചെയർപേഴ്‌സണെതിരേ മിക്കപ്പോഴും ആരോപണങ്ങളുയർത്തുകയുംചെയ്തിരുന്നു.

തർക്കം രൂക്ഷമായതിനൊടുവിൽ കുടുംബശ്രീ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായി മറ്റൊരു യോഗം വിളിക്കാമെന്ന അഭിപ്രായത്തെ തുടർന്ന് അവസാനിപ്പിച്ച്‌ കമ്മിറ്റി പിരിഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..