Caption
സീതത്തോട് : ജില്ലയുടെ മലയോര മേഖലയിലുള്ള സീതത്തോട്, ചിറ്റാർ നിവാസികൾ താലൂക്ക് ആസ്ഥാനമായ കോന്നിയിലെത്താൻ വാഹന സൗകര്യമില്ലാതെ വലയുന്നു. മുമ്പ് സീതത്തോട്, ചിറ്റാർ, തണ്ണിത്തോട് വഴി കോന്നിയിലേക്ക് ഒട്ടേറെ കെ.എസ്.ആർ.ടി.സി. ബസുകളും, സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നെങ്കിലും ഇവ ഇല്ലാതായതാണ് ജനങ്ങളെ ദുരിതത്തിലായത്. ഈ വഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ പൂർണമായും നിർത്തിയിട്ട് നാളേറെയായി. സീതത്തോട്ടിൽനിന്നുള്ള സ്വകാര്യ ബസുകളും നിലച്ചു.
മുമ്പ് റാന്നി മണ്ഡലത്തിലായിരുന്ന സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ നിയമസഭ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായാണ് കോന്നിയിലേക്ക് ചേർത്തത്. ഇതോടെ താലൂക്ക് ആസ്ഥാനമുൾപ്പെടെ എല്ലാം കോന്നിയിലായി. എന്നാൽ, നേരിട്ടിവിടേക്ക് എത്താൻ കഴിയാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. മലയോര മേഖലയിലുള്ളവർക്ക് നിലവിൽ കോന്നിയിലെത്താൻ പത്തനംതിട്ട വഴി പോകുകയെ നിവൃത്തിയുള്ളൂ. ഇത് വലിയ കാലതാമസവും, സാമ്പത്തിക നഷ്ടവുമാണ് ജനങ്ങൾക്കുണ്ടാക്കുന്നത്.
താലൂക്ക് ആസ്ഥാനം കോന്നിയിൽ ആയതോടെ വിവിധ ഓഫീസുകളിലേക്കുൾപ്പെടെ ജനങ്ങൾക്ക് നിരന്തരം ഇവിടേക്ക് യാത്ര ചെയ്യേണ്ടതായുണ്ട്. മുമ്പ് തണ്ണിത്തോട് വഴി കോന്നിയിലേക്ക് ബസുകളുണ്ടായിരുന്നെങ്കിലും റോഡ് തകരാറുൾപ്പെടെയുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് സർവീസുകൾ നിലച്ചത്. എന്നാലിപ്പോൾ റോഡുകളെല്ലാം സഞ്ചാരയോഗ്യമായിട്ടുണ്ട്. ബസ് സർവീസുകൾ മാത്രം പുനരാരംഭിച്ചില്ലെന്ന് മാത്രം.
കെ.എസ്.ആർ.ടി.സി. കോന്നി ഡിപ്പോയിൽനിന്ന് മലയോര മേഖലയിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചാൽ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനാകും. സീതത്തോട്, ചിറ്റാർ മേഖലയിൽ മുമ്പ് കോന്നി വഴി പുനലൂരിലേക്ക് വരെ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയിരുന്നതാണ്.
കോന്നി മെഡിക്കൽ കോളേജുകൂടി പ്രവർത്തന ക്ഷമമായതോടെ മലയോര മേഖലയിൽനിന്ന് കോന്നിയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. പാവപ്പെട്ട ആളുകൾക്ക് മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടി മടങ്ങുന്നതിനും ഈ വഴിയുള്ള ബസ് സർവീസ് അത്യാവശ്യമാണ്.
കോന്നി മേഖലയിയിലുള്ള വിവിധ കോളേജുകളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ യാത്രാ ദുരിതത്തിനും ഇത് പരിഹാരമാകും. ഈ വഴി കൂടുതൽ ബസ് സർവീസുകൾ എത്തിയാൽ മലയോര മേഖലയിലെ വാണിജ്യ, കച്ചവട കേന്ദ്രങ്ങൾക്കും, കർഷകർക്കും ഏറെ സഹായകമാണ്.
തണ്ണിത്തോട് വഴി ബസ് സർവീസ് അനുവദിച്ചാൽ ശബരിമല തീർഥാടകർക്കും ഏറെ ഗുണകരമാകും. ഈ വഴി തിരുവനന്തപുരമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ നടത്തുന്നത് യാത്ര എളുപ്പത്തിലാക്കും. കെ.എസ്.ആർ.ടി.സി. കോന്നി ഡിപ്പോയിൽനിന്ന് മലയോര മേഖലയിലേക്ക് സർവീസുകളാരംഭിക്കുമെന്ന് വിവിധ ജനപ്രതിനിധികൾ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..