മാധവനിൽനിന്ന് വാക്കുകൾ മഴപോലെ


2 min read
Read later
Print
Share

വള്ളിക്കോട് : കുഞ്ഞുമനസ്സിലെ വലിയ കാര്യങ്ങൾ. അതിൽ ഭാവനയും കൗതുകവുമൊക്കെ ചേർത്ത് അമ്മയോടു പങ്കുവെയ്ക്കുമ്പോൾ അറിയാതെ അവനൊരു കവിയായി. പൂവും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ കണ്ടുവളർന്ന അഞ്ചുവയസ്സുകാരന്റെ ചിന്തകളുടെ അക്ഷരരൂപം ഒടുവിൽ പുസ്തകരൂപത്തിൽ പ്രകാശിതമായി. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും കേരളത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടികവികളിലൊരാളാണ്‌ ബി. മാധവൻ.

പ്രമാടം ഗവ. എൽ.പി.സ്‌കൂളിലെ യു.കെ.ജി. വിദ്യാർഥിയും, വള്ളിക്കോട് ദേവനന്ദനത്തിൽ ആർ. ബിജുവിന്റെയും, ബിന്ദു ഗോപിനാഥിന്റെയും മകനാണ് ഈ പ്രതിഭ. കുട്ടിക്കാലം മുതൽ അമ്മൂമ്മയും അമ്മയും പറയുന്ന കഥകളും കവിതകളും കേട്ടാണ് മാധവൻ വളന്നത്. അതുകൊണ്ടുതന്നെ, അതൊക്കെ സ്വന്തമായി മെനഞ്ഞുപറയുന്നതിലും അവൻ കൗതുകം കണ്ടെത്തി. ഇപ്പോഴും കഥകൾ കേൾക്കാതെ മാധവൻ ഉറങ്ങാറില്ലെന്ന് അമ്മ ബിന്ദു പറയുന്നു.

അത്തരത്തിൽ പലപ്പോഴായി കേട്ട കഥകളിൽ നിന്നാണ് വാക്കുകളുടെ ശേഖരം മാധവൻ കണ്ടെത്തിയത്. ആ കുഞ്ഞുമനസ്സിൽ തോന്നിയ ഭാവനകളാണ് ‘ഇനി ഞാൻ പറയട്ടെ’ എന്ന പേരിൽ ഇപ്പോൾ കവിതകളാക്കി പ്രസിദ്ധീകരിച്ചത്.

കവിത പകർത്തിയെഴുതിയത് അമ്മ

കുഞ്ഞുമനസ്സിൽ രൂപപ്പെട്ട വാക്കുകളുടെ ശേഖരം എഴുതിയെടുത്തത് അമ്മ ബിന്ദുവാണ്.

‘നിന്റെ ദുഃഖത്തിൽ പൊടിയായ് ഞാൻ മാഞ്ഞുപോകും’ എന്ന വരിയാണ് മാധവൻ ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി ആ കുഞ്ഞുമനസ്സിൽ തോന്നുന്ന വരികൾ അമ്മയോടു പങ്കുവെയ്ക്കും. അങ്ങനെ അമ്മ ആ വരികളോരോന്നും പകർത്തിയെഴുതി. മാധവന്റെ കവിതകളൊക്കെയും രൂപപ്പെട്ടത് അങ്ങനെയാണ്. എഴുതിയ കവിതകളൊക്കെയും അമ്മ തന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. ഇതിന് വലിയ പിന്തുണ കിട്ടി. ഇതാണ് പുസ്തകരചനയിലേക്ക് എത്തിച്ചത്.

ഇഷ്ടവിഷയം മഴ

പത്ത് കവിതകളാണ് പുസ്തകത്തിലുള്ളത്. ചുറ്റുപാടുകളിൽ മാധവന് കണ്ടതും കേട്ടതുമായ കാര്യങ്ങളും അതിലുള്ള നിരീക്ഷണവുമാണ് മാധവന്റെ കവിതകളുടെ വിഷയം. മഴയാണ് മാധവന്റെ ഇഷ്ട വിഷയം. അതുകൊണ്ടാണ് പുസ്തകത്തിലെ രണ്ട് കവിതകളുടെ വിഷയം മഴ ആയത്. നക്ഷത്രങ്ങൾ, അഗ്‌നി, മഴയും മിന്നലും തുടങ്ങിയവയെല്ലാം മാധവന്റെ കവിതയിലെ വിഷയങ്ങളാണ്.

എഴുത്തിനൊപ്പം യൂട്യൂബ് ചാനലും ബ്ലോഗിങ്ങുമൊക്കെയായി സജീവമാണ് മാധവൻ.

കവിതകളുടെ പ്രകാശനം കഴിഞ്ഞദിവസം കെ.യു. ജനീഷ് കുമാർ എം.എൽ.എ. നിർവഹിച്ചു. വള്ളിക്കോട്ടെ തപസ്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബാണ് പുസ്തകപ്രകാശനത്തിന് മുൻകൈയ്യെടുത്തത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..