കരുതൽമേഖല : ഗവിയിൽ ഹെൽപ്പ് ​െഡസ്‌ക് തുടങ്ങി


മലയോരമേഖലയിൽ പ്രതിഷേധം ശക്തം

സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദിന്റെ നേതൃത്വത്തിൽ ഗവിയിൽ നടത്തിയ ബോധവത്കരണം

സീതത്തോട് : കരുതൽ മേഖലാ (ബഫർസോൺ) പ്രശ്നവുമായി ബന്ധപ്പെട്ട് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഗവിയിൽ ഹെൽപ്പ് ഡസ്‌ക് തുടങ്ങി. സീതത്തോട് പഞ്ചായത്തിൽ പെരിയാർ കടുവസങ്കേതത്തിന്റെ വനത്തിനുള്ളിൽപ്പെട്ട ജനവാസകേന്ദ്രമാണ് ഗവി. വനം വികസന കോർപ്പറേഷന്റെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന 200-ഓളം കുടുംബങ്ങളാണ് ഗവിയിലെ താമസക്കാർ. ഇവർ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകേണ്ടി വരുമെന്നാണ് നിലവിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സീതത്തോട് പഞ്ചായത്തിൽ ബഫർ സോണുമായി ബന്ധപ്പെട്ട് ഗവിയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന് ഗ്രാമപ്പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഹെൽപ്പ് ഡസ്‌ക് തുറന്നിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഗവിയിലെ തോട്ടം തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകളിലെത്തി കാര്യങ്ങൾ വിശദികരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

സമരം ശക്തമാക്കും

അതേസമയം കരുതൽ മേഖലാവിഷയത്തിൽ ജില്ലയുടെ മലയോര മേഖലയിൽ യു.ഡി.എഫ്. സമരം ശക്തമാക്കുകയാണ്. മേഖലയിൽ സീറോ ബഫർ സോൺ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനുവരി -6-ന് ചിറ്റാറിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന വൻ സമരപരിപാടിയാണ് കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.

തുടർ പ്രക്ഷോഭങ്ങളിലൂടെ മലയോര മേഖലയിൽ പ്രശ്‌നം സജീവമാക്കി നിർത്താൻ തന്നെയാണ് യു.ഡി.എഫ് നീക്കം.

മാറാത്ത ആശങ്ക

സർക്കാർ തുടർച്ചയായി പ്രഖ്യാപിച്ച മാപ്പുകളെല്ലാം വ്യത്യസ്തമായതോടെ ജനങ്ങളുടെ ആശങ്ക ഇനിയും മാറിയിട്ടില്ല. ജില്ലയിൽ സീതത്തോട്, ചിറ്റാർ, പെരുനാട്, കൊല്ലമുള വില്ലേജുകളാണ് മാപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്. അതേസമയം സീതത്തോട്, ചിറ്റാർ പഞ്ചായത്തുകൾ കരുതൽ മേഖലയിൽനിന്ന് വളരെ അകലെയാണ്. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങൾ ഒരുതരത്തിലും പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നില്ല.

അതേസമയം സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽ സ്ഥലനാമങ്ങൾ നൽകിയിരിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതൽ മേഖല എവിടെവരെ എത്തുമെന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.

അതിനിടെ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക് തുറന്നത് പ്രഹസനമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇവിടെ വനഭൂമി മാത്രമേയുള്ളു. പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് ഗ്രാമപ്പഞ്ചായത്ത് തന്നെ വ്യക്തമാക്കിയിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഹെൽപ്പ് ഡസ്‌ക് തുറന്നതെന്നാണ് ആക്ഷേപം ബഫർസോൺ വിഷയത്തിലുൾപ്പടെ ജില്ലയുടെ മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്വതന്ത്ര കർഷക സംഘടനയായ കിഫ വലിയ തോതിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കരുതൽ മേഖലയിൽപ്പെടുന്ന കൊല്ലമുളയിലടക്കം ഹെൽപ്പ് ഡസ്‌കും കിഫ തുറന്നിട്ടുണ്ട്.

കരുതൽ മേഖലാ വിഷയത്തിൽ സുപ്രീംകോടതയിൽ കിഫ കക്ഷി ചേർന്നിട്ടുണ്ട്. ഓരോ മേഖലയിലും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും വനമേഖലയുടെ കൃത്യമായ വിവരങ്ങളും സംഘടന തയ്യാറാക്കിയിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..