കൊമ്പൻ ചരിഞ്ഞത് രോഗംബാധിച്ച്


സീതത്തോട് : ഗൂഡ്രിക്കൽ വനം റേഞ്ചിലെ വിളക്കുപാറ വനത്തിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. രോഗംമൂലം ആന മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, എന്തുതരം രോഗമാണ് ബാധിച്ചിട്ടുള്ളതെന്നത് സ്ഥിരീകരിക്കാനായിട്ടില്ല. ആനയുടെ രോഗാവസ്ഥ കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചതായി പോസ്റ്റ്‌മോർട്ടം നടത്തിയ കോന്നി ആനത്താവളത്തിലെ വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ പറഞ്ഞു. പരിശോധനാ ഫലം പുറത്തുവന്ന ശേഷം മാത്രമേ രോഗവിവരം വ്യക്തമാകുകയുള്ളൂ.

28 വയസ്സുവരുന്ന കൊമ്പനാനയുടെ ജഡമാണ് വാലുപാറ ജനവാസകേന്ദ്രത്തിനടുത്ത് വനത്തിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു.

ബുധനാഴ്ച വൈകിയാണ് പ്രദേശത്ത് ജഡം കണ്ടതായി വനപാലകർക്ക് വിവരം ലഭിച്ചത്. അതേസമയം, ഇടുക്കി ജില്ലയിൽ ചില കാട്ടാനകൾ പകർച്ചവ്യാധി ബാധിച്ച് അടുത്തിടെ മരണമടഞ്ഞിരുന്നു. ഗൂഡ്രിക്കൽ വനമേഖല സംസ്ഥാനത്തെ ആന സംരക്ഷണകേന്ദ്രം കൂടിയാണ്. ശബരിമല-മൂഴിയാർ-ഗവി വനമേഖലകൾ ഉൾപ്പെടുന്ന ഈ റേഞ്ചിൽ ആനകൾ ധാരാളമായുണ്ട്. അതിനിടെ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയുള്ളതായി ചില സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ എസ്.മണി, കൊച്ചുകോയിക്കൽ ഡെപ്യൂട്ടി റേഞ്ചർ മനോജ് കെ.ചന്ദ്രൻ, ഫോറസ്റ്റർ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് കാട്ടാനയുടെ ജഡം സംസ്കരിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..