സീതത്തോട് : മുണ്ടൻപാറ മലമുകളിലെ വീട്ടിൽ രോഗബാധിതനായി മൃഗതുല്യനായി കഴിയുന്ന മനുഷ്യൻ നാടിനാകെ വേദനയാകുന്നു. കാലായിൽ മണിയൻപിള്ള(60) എന്നയാളാണ് രണ്ട് മാസത്തിലധികമായി മലമുകളിലെ വീട്ടിൽ ഒറ്റയ്ക്ക് അവശനായികഴിയുന്നത്.
മാനസികനിലകൂടി തകരാറിലായതിനാൽ വസ്ത്രം പോലുമില്ലാത്തനിലയിലാണ് ഇയാൾ കഴിയുന്നത്. കുളിച്ചിട്ട് നാളുകളായി ഭക്ഷണം കഴിച്ചിട്ടും ഏതാണ്ട് ഇതേ അവസ്ഥയാണെന്ന് പറയുന്നു. ഓർമക്കുറവുള്ളതിനാലാണ് വസ്ത്രം ധരിക്കാത്തതെന്ന് പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായ നിലയിലാണ്.
അടുത്തു തന്നെ ബന്ധുക്കളൊക്കെയുണ്ടെങ്കിലും ഇയാളെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭാര്യയും മക്കളുമൊക്കെ വർഷങ്ങളായി അകന്നുകഴിയുകയാണ്. മണിയൻപിള്ളയ്ക്ക് ഇവിടെ കൃഷിയിടങ്ങളും വീടുമൊക്കെയുണ്ടെങ്കിലും ഇതെല്ലാം ഇപ്പോൾ ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലാണ്.
മലമുകളിലുള്ള ഈ പ്രദേശം വനമേഖലയോട് ചേർന്ന സ്ഥലമാണ്. പുലി ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യം ശക്തമായ സ്ഥലം കൂടിയാണ്. സമീപത്തെങ്ങും താമസക്കാരോ അയൽവാസികളോ ഇല്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടുകഴിയുന്ന ഇയാൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകാനുള്ള സാധ്യതയും ഏറെയാണ്.
നാട്ടുകാർ ചേർന്ന് മണിയൻ പിള്ളയെ മുമ്പൊരിക്കൽ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും തുടർ ചികിത്സയും പരിചരണവുമൊന്നും ലഭിക്കാതായതോടെ സ്ഥിതി വീണ്ടും തകരാറിലാകുകയാണുണ്ടായത്. ഇയാളെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം സന്നദ്ധ സംഘടനകളോ, ഗവൺമെന്റ് ഏജൻസികളോ ഏറ്റെടുക്കുകയല്ലാതെ ഇയാളുടെ ജീവൻ രക്ഷിക്കാനാകില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..