ഒച്ചിഴയുന്ന വേഗത്തിലാണ് ഇവിടെ റോഡുപണി


2 min read
Read later
Print
Share

പണി ഇഴഞ്ഞുനീങ്ങുന്ന മുട്ടുമൺ - ചെറുകോൽപ്പുഴ റോഡ്

പുല്ലാട് : മുട്ടുമൺ-ചെറുകോൽപ്പുഴ റോഡുപണി ഇഴഞ്ഞുനീങ്ങുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി ആധുനികരീതിയിൽ ടാർ ചെയ്യുന്നതിനുവേണ്ടി പത്ത് കിലോമീറ്റർ ദൂരമുള്ള റോഡ് രണ്ടുവർഷം മുൻപ് കിളച്ച് മറിച്ചിട്ടതാണ്. പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം പണികൾ പലതവണ നിർത്തിെവച്ചു.പുതിയ കലുങ്കുകൾ പണിഞ്ഞ് നിലവിലുള്ള റോഡിന് വീതികൂട്ടി ടാർ ചെയ്യാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. റോഡിന് വീതികൂട്ടാനുള്ള സ്ഥലം സൗജന്യമായി നല്കുന്നവർക്ക് മതിൽ പണിഞ്ഞുകൊടുക്കാനുള്ള പദ്ധതി ഫണ്ടിന്റെ അപര്യാപ്തതമൂലം മുടങ്ങി. വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ സ്ഥലം ഏറ്റെടുക്കാൻ സാധിച്ചുള്ളു. റോഡുപണിയുടെ ആദ്യഘട്ടത്തിൽതന്നെ ജെ.സി.ബി. ഉപയോഗിച്ച് കിളച്ച് മറിച്ചിട്ടു.

ഇഴയാൻ കാരണങ്ങളേറെ

ജലസേചനവകുപ്പിന്റെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് വിവിധകോണുകളിൽനിന്ന് ആവശ്യമുയർന്നതിനെതുടർന്ന് പണി നിർത്തിവെക്കേണ്ടിവന്നു. ആറുമാസം കഴിഞ്ഞ് പുതിയ പൈപ്പുകൾ ജലസേചന വകുപ്പുതന്നെ സ്ഥാപിച്ചു. പൈപ്പിടാൻ കുഴി എടുത്തപ്പോൾ കിട്ടിയ മണ്ണുമാത്രം ഉപയോഗിച്ച് കുഴികൾ മൂടി. ഇടവപ്പാതി മഴയിൽ ഈ കുഴികളിലെ മണ്ണ് താണുപോകുകയും വാഹനങ്ങൾ കുഴിയിൽ വീണ് കേടുപാടുകൾ പറ്റുന്നതും പതിവായി. ടാറിങ്ങ് ജോലികൾ തുടങ്ങണമെങ്കിൽ ജലസേചനവകുപ്പ് പൈപ്പ് കുഴിയിലെ മണ്ണ് മാറ്റി മെറ്റൽ ഇട്ട് ഉറപ്പിച്ച് കൊടുക്കണമെന്ന് കോൺട്രാക്ടർ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചതോടുകൂടി വീണ്ടും പണി മാസങ്ങളോളം മുടങ്ങിക്കിടന്നു. കുഴിയിലെ മണ്ണ്മാറ്റി മെറ്റൽ നിറച്ച് നിരപ്പാക്കാനുള്ള തുക ജലസേചനവകുപ്പ് നല്കിയതോടുകൂടി പണിക്ക് വീണ്ടും ജീവൻെവച്ചു.

ഗതികെട്ട് നാട്ടുകാർ

കുഴിച്ചിട്ട റോഡിൽകൂടി യാത്രചെയ്ത് നടുവൊടിഞ്ഞ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. സത്യാഗ്രഹങ്ങൾക്കും സമരപ്രഖ്യാപനങ്ങൾക്കും ഒടുവിൽ എത്രയുംപെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കി നല്കാമെന്ന് പറഞ്ഞ പൊതുമരാമത്ത് വകുപ്പിന്റെ വാക്ക് വെറും വാക്കായി. ആക്ഷൻ കൗൺസിൽ റോഡ് ഉപരോധമടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ റോഡ് പണിക്ക് വീണ്ടും ജീവൻ വയ്ക്കും. ഒരുലോഡ് മെറ്റൽ റോഡിലിറക്കും ഒരാഴ്ച കഴിഞ്ഞ് ജെ.സി.ബി. ഉപയോഗിച്ച് നിരത്തും. പൊതുമരാമത്ത് വകുപ്പിന്റെ ഈ ഒളിച്ചുകളി എന്ന് തീരുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ. ഇപ്പോൾ പൊടിശല്യം വളരെ രൂക്ഷമാണ്.

പൊതുമരാമത്ത് വകുപ്പിന് പറയാനുള്ളത്

പലതവണ റോഡുപണി മുടങ്ങിയെങ്കിലും പുതുതായി പൈപ്പുകൾ സ്ഥാപിച്ച കുഴിയിലെ മണ്ണുമാറ്റി മെറ്റലിട്ട് ഉറപ്പിക്കുന്ന പണി പൂർത്തിയായി. ഓരോ ഘട്ടം പണി തീരുമ്പോഴും കോൺട്രാക്ടർ വകുപ്പിന് റിപ്പോർട്ട് ചെയ്യണം. വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ അടുത്ത ഘട്ടത്തിനുള്ള അനുമതി നല്കുകയുള്ളു. അടുത്തയാഴ്ചമുതൽ റോഡിൽ കൂടുതൽ കുഴി ഉള്ളിടത്ത് മെറ്റൽ ഇട്ട് ഉറപ്പിക്കുന്ന പണി തുടങ്ങും. അതിനുശേഷമെ ടാറിങ് ജോലികൾ തുടങ്ങു. അനുബന്ധ റോഡുകളായ ഇളപ്പുങ്കൽ-ചെട്ടിമുക്ക്, ചിറയിറമ്പ് - മാരാമൺ റോഡുകളുടെ ടാറിങ്ങും പൂർത്തിയാക്കും.

സെന്റ്‌മേരീസ് പള്ളി തിരുനാളിന് കൊടിയേറി

മുക്കൂട്ടുതറ : തലയണത്തടം സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ തിരുനാളിന് ഫാ. ഗീവർഗീസ് പണിക്കശേരി കൊടിയേറ്റി. വെള്ളിയാഴ്ച നടന്ന ഗാനശുശ്രൂഷയ്ക്കും വചനശുശ്രൂഷയ്ക്കും ഫാ. രാജൻ വർഗീസ് കാർമികത്വം വഹിച്ചു. ശനിയാഴ്ച രാവിലെ ഒൻപതിന് ആദ്യഫല ശേഖരണം, 6.45-ന് ഫാ. പൗലോസ് നൈനാന്റെ കാർമികത്വത്തിൽ ഗാനശുശ്രൂഷ. ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധകുർബാന, പത്തിന് ആദ്യഫല ലേലം, വൈകീട്ട് അഞ്ചിന് കൊല്ലമുള എഴുപതേക്കർ കുരിശടികളിൽ നമസ്‌കാരം. 5.30-ന് ഫാ. ജോൺ പി. കുര്യന്റെ കാർമികത്വത്തിൽ വചന ശുശ്രൂഷയ്ക്ക് ശേഷം സന്തോഷ്‌കവല വഴി റാസ പള്ളിയിൽ സമാപിക്കും. തിങ്കളാഴ്ച എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാന. തുടർന്ന് ദശാംശ സമർപ്പണം, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..