Caption
സീതത്തോട് : മണിയാർ പോലീസ് ക്യാമ്പിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി. വെള്ളിയാഴ്ച പകൽ രണ്ടുമണിയോടെ പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിൻ എന്ന ജീവനക്കാരനാണ് കടുവയെ കണ്ടത്.
ഇയാൾ അറിയിച്ചതനുസരിച്ച് കൂടുതൽ പോലീസുകാരെത്തിയതോടെ കടുവ അവിടെനിന്നും പിൻവാങ്ങി സമീപത്തെ വനത്തിലേക്ക് കയറിപ്പോവുകയാണുണ്ടായത്.
ഒരുമാസം മുമ്പും മണിയാർ പോലീസ് ക്യാമ്പിൽ കടുവ എത്തിയിരുന്നു. അന്ന് ക്യാമ്പിനോട് ചേർന്നുള്ള പരേഡ് ഗ്രൗണ്ടിന് സമീപത്ത് പുലർച്ചെയാണ് കടുവയെ കണ്ടത്. ഇത്തവണ പട്ടാപ്പകൽ പോലീസുകാർ താമസസ്ഥലത്ത് കടുവയെ കണ്ടത് ക്യാമ്പംഗങ്ങളെയാകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച കടുവയെ കണ്ടതിന് സമീപത്ത് തന്നെയാണ് പോലീസുകാരുടെ ക്വാർട്ടേഴ്‌സുകൾ. ഇവിടെ സ്ത്രീകളും കൊച്ചുകുട്ടികളുമെല്ലാമുണ്ട്.
മുമ്പ് ക്യാമ്പ് പരിസരത്ത് കടുവയെ കണ്ടതുമുതൽ ക്യാമ്പിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു.
പോലീസുകാർ രാത്രിയിലും മറ്റും കൂട്ടമായി മാത്രമെ നടക്കാവു എന്നതുൾപ്പടെ നിരവധി നിർദേശങ്ങൾ നടപ്പിലാക്കിയിരുന്നു. പരേഡ് ഗ്രൗണ്ടിന് സമീപം കടുവയെ കണ്ടെത്തിയെങ്കിലും പിന്നീടിതിന് കാണാതിരുന്നതോടെ ആശങ്ക ഒഴിഞ്ഞിരിക്കേയാണ് വീണ്ടും ക്യാമ്പിനോട് ചേർന്ന് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം വരെ ശബരിമല ഡ്യൂട്ടിക്കെത്തിയവരുൾപ്പടെ നിരവധി പോലീസുകാർ ക്യാമ്പിലുണ്ടായിരുന്നു. കുറെയധികം പോലീസുകാർ കഴിഞ്ഞദിവസം മകരവിളക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ശബരിമലയിലേക്ക് പോയിരിക്കുകയാണ്.
മണിയാർ, കട്ടച്ചിറ മേഖലയിൽ കടുവയുടെ സാന്നിധ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് സമീപസ്ഥലമായ കൊടുമുടിയിൽ മ്ലാവിനെ കടുവ പിടികൂടിയിരുന്നു. കടുവ കാണപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ ജനവാസകേന്ദ്രങ്ങളാണ്.
സീതത്തോട്-ചിറ്റാർ മേഖലയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാനപാതയിൽ വരുന്നസ്ഥലമാണ് മണിയാർ. അതുകൊണ്ട് തന്നെ ഈ വഴി രാപകൽ ഭേദമില്ലാതെ ഇരുചക്ര വാഹനക്കാരുൾപ്പടെ യാത്രികരുടെ നല്ല തിരക്കുള്ള പാതയാണിത്. കടുവയുടെ സ്ഥിര സാന്നിധ്യം ഈ വഴി യാത്രചെയ്യുന്നവർക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..