Caption
സീതത്തോട് : ഒടുവിൽ നാട്ടുകാർ സംഘടിക്കുന്നു. അരനൂറ്റാണ്ടായി തകർന്നു കിടക്കുന്ന സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. രാഷ്ട്രീയത്തിനതീതമായി സംഘടിച്ചിട്ടുള്ള നാട്ടുകാർ 17-ന് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ റാലിയും തുടർന്ന് യോഗവും നടത്തും.റോഡ് നന്നാക്കുംവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
റോഡ് തകരാർ കാരണം ഗുരുനാഥൻമണ്ണ് മേഖലയിലെ ജനങ്ങളനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ജനുവരി 6-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾക്കൊടുവിലാണ് റോഡ് തകരാറിന് പരിഹാരം ഉണ്ടായേ മതിയാകൂ എന്ന നിലയിൽ പ്രദേശത്തെ ഒരുക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം ഉയർത്തിയിട്ടുള്ളത്.
സീതത്തോട് പഞ്ചായത്തിലെ പഴയകാല റോഡുകളിലൊന്നാണിതെങ്കിലും ഇന്നും ഗതാഗതയോഗ്യമല്ല. വാഹനങ്ങൾ കടന്നുപോകാൻ വലിയ ബുദ്ധിമുട്ടു നേരിടുന്നു. പ്രത്യേകിച്ച് ചെറു വാഹനങ്ങൾക്ക് ഈ വഴി പോകാനേ കഴിയുന്നില്ല. ഇതുകാരണം റോഡിന്റെ ഗുണഭോക്താക്കളായ കുന്നം, ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, സീതക്കുഴി നിവാസികളനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്. ഇതിന് പരിഹാരമുണ്ടായേ തീരൂ എന്നാണ് ജനങ്ങളുടെ ആവശ്യം.
സീതത്തോട്ടിൽനിന്ന് പത്ത് കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ഗുരുനാഥൻമണ്ണ്-കുന്നം പാത. മൂന്നു വാർഡുകളിലൂടെ കടന്നുപോകുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാർഷികമേഖല. വർഷങ്ങളായി ഇവിടേക്ക് കടന്നുപോകാൻ സഞ്ചാരയോഗ്യമായ റോഡില്ല. ഇതുമൂലം നാട്ടുകാർ വലിയ വിലകൊടുക്കേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. രോഗികളായവരെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മരണമടഞ്ഞ സംഭവംപോലും ഉണ്ടായിട്ടുണ്ട്. റോഡ് തകർച്ചയൊന്നുകൊണ്ടുമാത്രം പ്രദേശം ഉപേക്ഷിച്ചു പോയ കുടുംബങ്ങളുണ്ട്.
റോഡിന്റെ തകർച്ചകാരണം ഏറെ നാളായി ഈ പ്രദേശത്തേക്ക് ആവശ്യത്തിന് ബസുകളും കടന്നുവരുന്നില്ല. കാർഷിക മേഖലയായ ഇവിടെനിന്ന് വിളവെടുക്കുന്ന കാർഷിക വിഭവങ്ങൾ വിൽപ്പനകേന്ദ്രങ്ങളിലേക്കുപോലും കൊണ്ടു പോകാനാകാതെ കർഷകർ ദുരിതത്തിലാണ്. വിദ്യാർഥികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗം. നിത്യേനയുള്ള ഇവരുടെ യാത്ര വലിയ വെല്ലുവിളി തന്നെയാണ്.
ഗുരുനാഥൻമണ്ണ് റോഡിന്റെ വികസനത്തിന് ലക്ഷങ്ങളും, കോടികളുമൊക്കെ അനുവദിച്ചതായി പലപ്പോഴും ജനപ്രതിനിധികളുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നും റോഡിന്റെ വികസനത്തിന് എത്തിയില്ല. തിരഞ്ഞെടുപ്പ് കാലത്തും റോഡ് വികസനം സംബന്ധിച്ച് വലിയ വാഗ്ദാനങ്ങളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.
ഗുരുനാഥൻമണ്ണ് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ പലപ്പോഴും രാഷ്ട്രീയം കടന്നുവരുന്നത് പ്രശ്‌നമാകുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..