ഇനി സഹിക്കാൻ വയ്യ, ജനം റോഡിലിറങ്ങി


ഗുരുനാഥൻമണ്ണ് റോഡിന്റെ ശോച്യാവസ്ഥ; ജനകീയ പ്രതിഷേധം ഇരമ്പി നാട്ടുകാർ റോഡ് ഉപരോധിച്ചു

Caption

സീതത്തോട് : സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ ജനകീയ സമരത്തിൽ പ്രതിഷേധം ഇരമ്പി.

സമരക്കാർ ചിറ്റാർ-സീതത്തോട് റോഡ് ഉപരോധിച്ചു. തുടർന്ന് പോലീസെത്തി സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഉപരോധം അവസാനിപ്പിച്ച് സമരം പഞ്ചായത്ത് പടിയിലേക്ക് മാറ്റി.

അരനൂറ്റാണ്ടിലധികമായി തകർന്നുകിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ സമരത്തിന് തുടക്കംകുറിച്ചത്.

ഈ ദുരിതം ഇനി എത്രനാൾ

സീതത്തോട് പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്ന്‌ വാർഡുകളിലൂടെ കടന്നുപോകുന്നതാണീ റോഡ്.

പൂർണമായും തകർന്നു കിടക്കുന്ന റോഡിലൂടെ വാഹനയാത്രയും കാൽനടയാത്രയുമെല്ലാം ദുരിതപൂർണമാണ്. കുണ്ടുംകുഴിയും നിറഞ്ഞ റോഡായതിനാൽ സ്വകാര്യ ബസുകൾ നേരത്തേതന്നെ ഇവിടേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു.

ഓട്ടോറിക്ഷകൾപോലും കടന്നുപോകാൻ മടിക്കുന്നു. ഗുരുനാഥൻമണ്ണ് പ്രദേശത്തുള്ള ജനങ്ങൾക്ക് എന്ത് ആവശ്യത്തിനും സീതത്തോട്ടിലെത്തണമെന്നുള്ളതുകൊണ്ടു തന്നെ റോഡിന്റെ തകർച്ച ജനങ്ങളെ ശരിക്കും ദുരിതത്തിലാക്കിയിരിക്കുകയാണ്.

കണ്ണടച്ചാൽ ഇരുട്ടാകുമോ...

റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുകയാണെങ്കിലും ഗ്രാമപ്പഞ്ചായത്തോ, മറ്റ് ജനപ്രതിനിധികളോ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പഞ്ചായത്തിൽ ഇത്രയധികം തകർന്നുകിടക്കുന്ന മറ്റൊരു റോഡില്ല. ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന സീതത്തോടിന്റെ കുടിയേറ്റത്തോളം പഴക്കമുള്ള റോഡുകൂടിയാണിത്.

ഇനി സഹിക്കാൻ വയ്യ...

ചൊവ്വാഴ്ച തുടങ്ങിയ സമരത്തിന് പരിഹാരം വൈകിയാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഗുരുനാഥൻമണ്ണിലുള്ള മലർവാടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സമരം തുടങ്ങിയത്. രാഷ്ട്രീയം വെടിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ബി.എസ്.സുമേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ഫാ. സ്‌കോട്ട്സ്ലീബ പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻസാം, സീതത്തോട് മോഹനൻ, അനീഷ് കെ.ജോർജ്ജ്കുട്ടി, ലാലുകുരുവിള എന്നിവർ പ്രസംഗിച്ചു.

ഫ്ലക്സിൽമാത്രം മതിയോ വികസനം...

അതേസമയം, റോഡുവികസനത്തിന് കോടികൾ അനുവദിച്ചതായി ചില ജനപ്രതിനിധികൾ മുമ്പ് പ്രസ്താവനകൾ ഇറക്കുകയും സ്ഥലത്ത് ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഇതൊന്നും നടപ്പായിട്ടില്ലെന്ന് മാത്രമല്ല റോഡ് കൂടുതൽ തകരുകകൂടിയാണ് ചെയ്തത്. അതിനിടെ റോഡുവികസനത്തിന് അനുവദിച്ച തുക പ്രദേശത്തെ രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ നഷ്ടപ്പെട്ടതും വികസനത്തിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ സമരത്തിനിറങ്ങിയ ആളുകളെ പഞ്ചായത്ത് ഭരണസമിതിയിലുള്ള ചിലർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..