ബണ്ട് പാലത്തിന്റെ കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണം; നാട്ടുകാർ പണി തടഞ്ഞു


റാന്നി ഇട്ടിയപ്പാറ വലിയ പറമ്പിൽപടി-ബണ്ട്‌പാലം റോഡിലെ ബണ്ടുപാലത്തിന്റെ സംരക്ഷണഭിത്തിക്കായി നിർമിച്ച കോൺക്രീറ്റ് തൂണിൽ തടിക്കഷണം കണ്ടെത്തിയപ്പോൾ

റാന്നി : ബണ്ടുപാലത്തിന്റെ സംരക്ഷണഭിത്തിക്ക് നിർമിച്ച കോൺക്രീറ്റ്് തൂണുകൾക്കുള്ളിൽ തടിക്കഷണങ്ങൾ. സംഭവം കണ്ടെത്തിയ നാട്ടുകാർ കമ്പിക്ക് പകരം തടി ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പണി തടഞ്ഞു. റാന്നി പഴവങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട്‌പാലം റോഡിലാണ് പുതിയ നിർമാണ രീതി. കോൺക്രീറ്റ് ചെയ്ത് സ്ഥലത്തെത്തിച്ച തൂണുകളിലൊന്നിന്റെ അറ്റത്ത് തടി കണ്ടെത്തിയതാണ് ഇത് പുറം ലോകം അറിയാനിടയാക്കിയത്. നാട്ടുകാർ കൂടുതൽ തൂണുകൾ പൊട്ടിച്ചുനോക്കിയപ്പോൾ അതിലെല്ലാം തടിക്കഷണങ്ങൾ ഉള്ളതായി കണ്ടെത്തി.

റീ ബിൽഡ് കേരള പദ്ധതി പ്രകാരം 1.16 കോടി രൂപയ്ക്കാണ് റോഡ് നവീകരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്താനായുള്ള ആണിക്കല്ലുകളിലാണ് ഈ പരീക്ഷണം. റോഡുനിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവ്തരിച്ചിരുന്നു. കമ്മിറ്റിയിൽപ്പെട്ടവരും നാട്ടുകാരും തിങ്കളാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് തൂണിൽ തടിക്കഷണത്തിന്റെ അഗ്രഭാഗം കണ്ടെത്തിയത്.

സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ തൂണുകളിൽ ഇത് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പണി തടഞ്ഞു. കാസർകോട്‌ സ്വദേശി റഷീദാണ് പണി കരാറെടുത്തിട്ടുള്ളത്. കല്ലുകളുപയോഗിച്ച് കെട്ടുന്നതിനിടയിൽ ആണിക്കല്ലായി കല്ലോ പ്ലെയിൻ സിമന്റ്‌ കോൺക്രീറ്റോ ആണ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുള്ളതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ ബെൻസിലാൽ പറഞ്ഞു.

ഇതിനുള്ളിൽ കമ്പി ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാൽ, ഇതിനുള്ളിൽ തടി ഉപയോഗിച്ചത് ശരിയല്ല. തൂണുകൾ മറ്റൊരു സ്ഥലത്തുനിന്ന് കോൺക്രീറ്റ് ചെയ്താണ് എത്തിക്കുന്നത്. ഇറക്കുമ്പോൾ പൊട്ടാതിരിക്കാനാണ് തടിവെച്ചതെന്നാണ് ഇതിന് നൽകുന്ന വിശദീകരണം.

ഏപ്രിൽ അവസാനം റോഡിന്റെ പണികൾ തുടങ്ങിയപ്പോൾമുതൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

റോഡ് ഉയർത്താൻ മണ്ണ് മാത്രം ഇറക്കിയതിനെതിരേ നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു. മാസങ്ങളോളം പണി മുടങ്ങിയപ്പോഴാണ് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചത്. തുടർന്ന് എം.എൽ.എ. പ്രമോദ് നാരായൺ വിളിച്ചുചേർത്ത യോഗത്തിൽ മാർച്ചിനുള്ളിൽ പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..