Caption
പുല്ലാട് : തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് ജങ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. നാല് റോഡുകളിൽ നിന്നും ബസുകളടക്കമുള്ള വാഹനങ്ങൾ തോന്നിയപോലെ നിർത്തുന്നതാണ് കുരുക്കിന് കാരണം.
പൂവത്തൂരിൽനിന്നും, മല്ലപ്പള്ളിയിൽനിന്നും വരുന്ന വാഹനങ്ങളും, ടി.കെ.റോഡിലെ വാഹനങ്ങളും കടന്നുപോകുന്നത്. ടി.കെ.റോഡിൽ തിരുവല്ലയിൽ നിന്നും, മല്ലപ്പള്ളിയിൽ നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി- സ്വകാര്യബസുകൾ കാത്തിരിപ്പുകേന്ദ്രത്തിന്റെ മുൻപിലുള്ള ബസ്ബേയിൽ നിർത്തുന്നതിന് പകരം ആൽമരത്തിന് മുന്നിലാണ് നിർത്തുന്നത്. ഇതുകാരണം ഇൗ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. മിക്കപ്പോഴും വാഹനങ്ങളുടെ നിര സൗത്ത് ഇന്ത്യൻ ബാങ്ക് വരെ നീളുന്നുണ്ട്. കോഴഞ്ചേരിയിൽനിന്നും തിരുവല്ലയ്ക്ക് പോകുന്ന ബസുകളും നിശ്ചയിച്ചയിടത്ത് നിർത്താതെ പൂവത്തൂർ ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്നിടത്ത് തന്നെ നിർത്തുന്നു. ഇത് പോലീസ് സ്റ്റേഷൻ റോഡിൽ കൂടി വരുന്ന വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മല്ലപ്പള്ളിക്ക് പോകുന്ന ബസുകളും ഇതേരീതിയിലാണ് നിർത്തി ആളെ കയറ്റുന്നത്. എതിർവശത്ത് ഓട്ടോസ്റ്റാൻഡായതിനാൽ ഗതാഗതം പൂർണമായും കുറച്ചുനേരത്തേക്ക് തടസ്സപ്പെടുന്നതും പതിവാണ്.
തോന്നിയപടി പാർക്കിങ്
അനധികൃത പാർക്കിങാണ് ഇവിടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻപിൽ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. കൂടാതെ അംഗീകൃത ഓട്ടോ സ്റ്റാൻഡിലല്ലാതെ ടൗണിൽ പലയിടങ്ങളിലായി ഓട്ടോറിക്ഷകൾ നിർത്തിയിടുന്നു. ഹോംഗാർഡിന്റെ സേവനം ഇവിടെ കാര്യമായി ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
രാവിലെ എട്ടുമുതൽ 11.30 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും മാത്രമാണ് ഡ്യൂട്ടി സമയം. ടൗണിൽനിന്ന് നൂറുമീറ്റർ മാത്രം ദൂരെയാണ് പോലീസ് സ്റ്റേഷൻ. എന്നിട്ടുപോലും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആരും എത്താറില്ല. വി.ഐ.പി.കൾ കടന്നുപോകുമ്പോൾ മാത്രമേ പോലീസ് ഗതാഗത നിയന്ത്രണത്തിന് എത്താറുള്ളു.
റോഡിലിറങ്ങി നടക്കേണ്ട സ്ഥിതി
കാൽനടക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ടൗണിലെ ചില വ്യാപാരസ്ഥാപനങ്ങൾ നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കി വെക്കുന്നതിനാൽ റോഡിൽ കൂടി നടക്കേണ്ടി വരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നു. ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയോഗം ചേർന്നിട്ട് നാലുകൊല്ലമായി. പഞ്ചായത്ത് സെക്രട്ടറിയും എസ്.എച്ച്.ഒ.യും മുൻകൈ എടുത്താണ് യോഗം വിളിച്ച് കൂട്ടേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..