റാന്നി : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട വലിയപറമ്പിൽ പടി-ഈട്ടിച്ചുവട് റോഡിന്റെ പാർശ്വഭിത്തിക്ക് ഇടയിലെ കോൺക്രീറ്റ് ബ്ലോക്കിൽ തടി ഉപയോഗിച്ച സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമോദ് നാരായൺ എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് കത്തു നൽകി. റോഡ് നിർമാണം തുടങ്ങിയപ്പോൾമുതൽ നിരവധി ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോൺക്രീറ്റ് ബ്ലോക്കിനകത്ത് തടിക്കഷണം കണ്ടത്. ഇതേപ്പറ്റി റീ ബിൽഡ് കേരള പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രോജക്ട് ഡയറക്ടർക്കും എം.എൽ.എ. കത്ത് നൽകി.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വലിയപറമ്പിൽപടി-ഈട്ടിച്ചുവട് റോഡ് നിർമാണത്തിനായി 1.70 കോടി രൂപയാണ് ചെലവഴിക്കുന്നത്. വലിയപറമ്പിൽപടി- ഈട്ടിച്ചുവട് റോഡിന്റെ നിർമാണം ആരംഭിക്കാൻ ഉണ്ടായ കാലതാമസവും അപാകതയും സംബന്ധിച്ച് പരാതികൾ നേരത്തേ ഉയർന്നിരുന്നു. ജനപ്രതിനിധികളുടെയും പദ്ധതി പ്രദേശത്തെ നാട്ടുകാരുടെയും യോഗം എം.എൽ.എ. വിളിച്ചുചേർത്താണ് നിർമാണ നടപടികൾ വേഗത്തിലാക്കിയത്. .
റാന്നി നിയോജകമണ്ഡലത്തിലെ 24 ഗ്രാമീണ റോഡുകളാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്നുവർഷത്തെ ഗ്യാരന്റിയോടുകൂടിയുള്ള റോഡുകളാണ് നിർമിച്ചുനൽകുന്നത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി വീഴ്ച വരുത്തിയവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..