കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണം : സംരക്ഷണഭിത്തി പൊളിച്ചുപണിയും


1 min read
Read later
Print
Share

വിജിലൻസ് അന്വേഷണം നടത്തി

• ഇട്ടിയപ്പാറയിൽ നിർമാണം നടക്കുന്ന വലിയപറമ്പിൽപടി-ബണ്ട് പാലം

റാന്നി : ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം നിർമാണത്തിനായി എത്തിച്ച കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സംരക്ഷണഭിത്തി പൊളിച്ചുപണിയാൻ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ കരാറുകാരന് കത്ത് നൽകി. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തി.

പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം റോഡിൽ ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്താനുള്ള ആണിക്കല്ലിനായി എത്തിച്ച കോൺക്രീറ്റ് തൂണുകൾക്കുള്ളിലാണ് നാട്ടുകാർ തടിക്കഷണം കണ്ടെത്തിയത്. കൂടുതൽ തൂണുകൾ പൊട്ടിച്ചപ്പോൾ അവയിലെല്ലാം തടിക്കഷണങ്ങൾ കണ്ടെത്തി. നാട്ടുകാർ പണി തടയുകയും പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു.

കല്ലുകളോ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് തൂണുകളോ ഉപയോഗിക്കാനാണ് കരാറിലെ വ്യവസ്ഥ. കമ്പി ഉപയോഗിക്കാൻ നിർദേശിച്ചിട്ടില്ല. എന്നാൽ, തടി ഉപയോഗിച്ചതിനാൽ സംരക്ഷണഭിത്തി പൊളിച്ചുണിയാൻ മേലധികാരികളുടെ നിർദേശപ്രകാരം കത്ത് നൽകിയതായി എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ബെൻസിലാൽ പറഞ്ഞു.

പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയത്. ബുധനാഴ്ച വൈകീട്ട് ഇവർ കരാറുകാരനിൽനിന്നും എൻജിനീയറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. റീബിൽഡ് കേരള പദ്ധതി പ്രകാരമാണ് 1.16 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരിക്കുന്നത്. റീബിൽഡ് കേരള ഡയറക്ടർ സ്ഥലം സന്ദർശിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..