പമ്പാ നദിയിൽ ജലനിരപ്പ് താഴ്ന്നു : ജലവിതരണ പദ്ധതികൾ പ്രതിസന്ധിയിൽ


പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്ന് പാറകൾ തെളിഞ്ഞ നിലയിൽ. അത്തിക്കയം കട്ടിക്കല്ലിൽനിന്നുള്ള ദൃശ്യം

റാന്നി : പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നതോടെ വിവിധ ജലവിതരണ പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുന്നു. വേനൽ കനത്തതോടെ നദിയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞ് ഒരു ഭാഗത്തുകൂടി മാത്രമായി നീരൊഴുക്ക് മാറിയിരിക്കുകയാണ്. പദ്ധതി കിണറുകളിൽ ജലവിതരണത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമാകുകയാണ്. രണ്ടാഴ്ചയിലൊരിക്കലാണ് പല മേഖലകളിലും വെള്ളമെത്തുന്നത്. ഇവിടെയുള്ള പല വീടുകളിലും വെള്ളം വില കൊടുത്ത് വാങ്ങാൻ തുടങ്ങിക്കഴിഞ്ഞു. വേനൽ രൂക്ഷമായതോടെ കിണറുകളും വറ്റിത്തുടങ്ങി.

പമ്പ് ഹൗസിന് സമീപം നദിയിൽ തടയണകൾ നിർമിച്ച സ്ഥലത്ത് മാത്രമാണ് നിലവിൽ കാര്യമായ പ്രതിസന്ധികളില്ലാത്തത്. ഡാമുകളിൽ വൈദ്യുതി ഉത്‌പാദിപ്പിച്ച് തള്ളുന്ന വെള്ളമാണിപ്പോൾ ആശ്വാസമാകുന്നത്. രാവിലെ ഏതാനും മണിക്കൂറുകൾ ഇതുപയോഗിച്ച് പമ്പിങ് നടക്കും. ഉച്ചയ്ക്ക്് ശേഷം നദി വറ്റിവരണ്ട നിലയിലായിരിക്കും.

പെരുന്തേനരുവി ജലവിതരണപദ്ധിയിൽ പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. നദിയിലെ ചെളിമണ്ണ് നീക്കി വെള്ളം ലഭ്യമാക്കാനുള്ള പണികൾ നടക്കുകയാണ്. മൂന്ന് ദിവസമായി പമ്പിങ് നടക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ നിരവധി പ്രദേശങ്ങൾ വെച്ചൂച്ചിറ പഞ്ചായത്തിലുണ്ട്. ഏക ആശ്രയം പെരുന്തേനരുവി ജലവിതരണ പദ്ധതിയാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് വേനൽക്കാലത്ത് പദ്ധതിയെ ആശ്രയിക്കുന്നത്.

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയടെ ഡാമിന് താഴെയാണ് പമ്പ് ഹൗസും കിണറും. ഇത് കാരണം ഇവിടെ വെള്ളം കിട്ടാൻ ഏറെ ബുദ്ധിമുട്ടുന്നു. പമ്പിങ് ആരംഭിച്ചാൽതന്നെ രണ്ടാഴ്ചയ്ക്കിടയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും ടാപ്പുകളിൽ വെള്ളമെത്തുന്നത്. മഴ ലഭിച്ചില്ലെങ്കിൽ ഇനി ജനം കുടിവെള്ളത്തിനായി ബുദ്ധിമെട്ടുമെന്നുറപ്പാണ്. ഐത്തല കുടിവെള്ള പദ്ധതിയിലും പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. ഏതാനും മണിക്കൂറുകൾ പമ്പിങ് നടത്താനുള്ള വെള്ളമാണ് ലഭിക്കുന്നത്. അങ്ങാടിയിലും സ്ഥിതി ഇതുതന്നെ. ഓരോ വർഷവും മണൽചാക്കുകളടുക്കി തടയണ നിർമിച്ചാണ് പദ്ധതി കിണറിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. ആയിരകണക്കിന് കുടുംബങ്ങളാണ് ഓരോ പദ്ധതിയിലും ഉൾപ്പെട്ടിട്ടുള്ളത്. വേനൽക്കാലത്താണ് ഭൂരിപക്ഷത്തിനും ഇതിന്റെ ആവശ്യം വരുന്നതും. എന്നാൽ, വേനൽക്കാലത്ത് വല്ലപ്പോഴും മാത്രം വെള്ളം ലഭിക്കുന്നതിനാൽ വില കൊടുത്ത് വാങ്ങുകയല്ലാതെ ജനത്തിന് മറ്റ് മാർഗമില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..