പുല്ലാട് : ചക്ക പഴുപ്പിച്ച് മാത്രം കഴിക്കാനറിയാവുന്ന മേഘാലയക്കാർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ എത്തിയപ്പോൾ അദ്‌ഭുതപ്പെട്ടു. ചക്കകൊണ്ട് ഇത്രയധികം ഉത്‌പന്നങ്ങൾ ഉണ്ടാക്കുവാനാമോ? മേഘാലയത്തിൽനിന്നുവന്ന ഉദ്യോഗസ്ഥരും സംരഭകരുമായിട്ടുള്ള 18 പേരാണ് അദ്‌ഭുതം കൂറിയത്. കൃഷി വിജ്ഞാന കേന്ദ്രം, തെള്ളിയൂരിൽ പരിശീലനത്തിനായി എത്തിയവരാണിവർ.
കൃഷി വിജ്ഞാനകേന്ദ്രം ചക്ക ഉപയോഗിച്ച് മൂല്യവർധിത ഉത്‌പന്നങ്ങൾ എങ്ങനെ നിർമിക്കാം എന്നതിനെപ്പറ്റി മേഘാലയ സർക്കാരിന് സമർപ്പിച്ചത് 33.85 ലക്ഷം രൂപയുടെ പദ്ധതിയാണ്. വിശദമായ പഠനത്തിനുശേഷം പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തുടർന്ന് കൃഷിവിജ്ഞാനം കേന്ദ്രം പ്രതിനിധികൾ മേഘാലയ സന്ദർശിക്കുകയും ചക്കയുടെ സാമ്പിളുകൾ കൊണ്ടുവരികയുംചെയ്തു. ലാബിലെ പരിശോധനകളിൽനിന്നും ജലാംശം കൂടുതലുള്ള ചക്കകളാണ് ഇതെന്ന് മനസ്സിലായി. അതിന് പറ്റുന്ന സാങ്കേതികവിദ്യകളാണ് കൃഷിവിജ്ഞാന കേന്ദ്രം തയ്യാറാക്കിയത്.
ചക്കയുടെ കുരു, ഇടിച്ചക്ക, പച്ചച്ചക്ക എന്നിവ ഉപയോഗിച്ച് ചക്കപ്പൊടി ഉത്‌പാദിപ്പിക്കാനും ചക്കപ്പൊടി ഉപയോഗിച്ച് ബർഗർ, ബൺ, പിസ്ത, വിവിധ ബേക്കറി ഉത്‌പന്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കുവാനും പരിശീലിപ്പിക്കുന്നു. അഞ്ചുദിവസത്തെ പരിശീലനം വെള്ളിയാഴ്ച അവസാനിക്കും. ഭാവിയിൽ ഇവർക്ക് കൂടുതൽ സാങ്കേതിക സഹായം ചെയ്യുവാൻ സാധിക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം അധികൃതർ അറിയിച്ചു.
ഹോർട്ടികൾച്ചർ വകുപ്പിലെ ഡോ. റിൻസി കെ.ഏബ്രഹാം, സ്റ്റേറ്റ് റിസോഴ്സ് സെൻറർ ഫോർ ജാക്ക് ഫ്രൂട്ട്ിലെ മാനേജർ ജിപ്തി മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..