സർവാഭരണ വിഭൂഷിതനായ അയ്യപ്പൻ; മനംനിറഞ്ഞ് ഭക്തർ


പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ തിരക്ക്

റാന്നി : പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഭക്തസഹസ്രങ്ങൾ പുണ്യംനേടി. ദർശനത്തിനായി വൻതിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളിൽനിന്നുവരെ ഭക്തർ എത്തിയിരുന്നു. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ദർശനത്തിന് അവസരമുള്ളതിനാൽ ഭക്തരിലേറെയും സ്ത്രീകളായിരുന്നു.

മകരസംക്രമസന്ധ്യയിൽ ശബരിഗിരീശന് ചാർത്തിയ തിരുവാഭരണങ്ങളാണ് പന്തളത്തേക്കുള്ള മടക്കയാത്രയിൽ ഇവിടെയും അയ്യപ്പവിഗ്രഹത്തിൽ അണിയിച്ചത്. ശബരിമലയും പന്തളവും കഴിഞ്ഞാൽ തിരുവാഭരണങ്ങൾ ചാർത്തുന്നത് ശബരിമലയുടെ മൂലക്ഷേത്രമെന്ന് അറിയപ്പെടുന്ന പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ മാത്രമാണ്.

ശനിയാഴ്ച രാവിലെ ളാഹ സത്രത്തിൽനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രാ സംഘത്തെ മഠത്തുംമൂഴി ശ്രാമ്പിക്കൽ പടിയിൽനിന്നു കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. രാവിലെ 10.30-ന് ക്ഷേത്രത്തിലെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തെ ഭക്തർ ശരണം വിളികളോടെ എതിരേറ്റു.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.കെ. ബാലൻ, സെക്രട്ടറി എം.ആർ.അഭിലാഷ്, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ജി.അരുൺകുമാർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം തിരുവാഭരണ പേടകങ്ങൾ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവെച്ചു.

ഒന്നരയോടെ പേടകം ശ്രീകോവിലിലേക്ക് എടുത്ത് മേൽശാന്തി ജയദേവൻപോറ്റി അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ അണിയിച്ചു. തുടർന്ന് ദീപാരാധനയ്ക്കായി നട തുറന്നതോടെ ക്ഷേത്രവും പരിസരവുമെല്ലാം ശരണംവിളികൾ മുഴങ്ങി.

തിരുവാഭരണങ്ങൾ അണിയിച്ച് നടതുറക്കുമ്പോൾ തന്നെ അയ്യപ്പനെ കാണാനായി പുലർച്ചെ മുതൽ ക്ഷേത്രവാതിലിനു സമീപം കാത്തിരുന്നവർ നിരവധിയാണ്.

ഈ സമയം തുടങ്ങിയ ഭക്തരുടെ തിരക്ക് രാത്രി വൈകിയും തുടർന്നുകൊണ്ടിരുന്നു. ക്ഷേത്രാങ്കണവും കഴിഞ്ഞ് ദർശനത്തിനെത്തിയ ഭക്തരുടെനിര റോഡിലൂടെ നീണ്ടു.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിവരെ ദർശനത്തിന് ഭക്തർക്ക് അവസരമുണ്ടായിരുന്നു. ഉത്സവഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് കൂടക്കാവിൽനിന്നു എഴുന്നള്ളത്തും വിവിധ കലാപരിപാടികളും നടന്നു. പുലർച്ചെ അവിടെനിന്നു തിരുവാഭരണങ്ങളുമായി പുറപ്പെട്ട ഘോഷയാത്രാ സംഘം ഞായറാഴ്ച രാത്രിയിൽ ആറന്മുള കൊട്ടാരത്തിൽ വിശ്രമിക്കും. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പന്തളം കൊട്ടാരത്തിൽ തിരികെയെത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..