നഗരസഭയിൽ പ്രതിസന്ധി നീങ്ങി


തിരുവല്ല : കൗൺസിലർമാർ പ്രത്യേക അധികാരം ഉപയോഗിച്ചു വിളിച്ച യോഗത്തിൽ പദ്ധതി ഭേദഗതി അംഗീകരിച്ചതോടെ തിരുവല്ല നഗരസഭയിൽ കുറേ ദിവസങ്ങളായി നിലനിന്ന പ്രതിസന്ധി ഒഴിവായി.

ജില്ലാ ആസൂത്രണ സമിതിക്ക് ഭേദഗതി അംഗീകരിച്ചുനൽകുന്നത് സംബന്ധിച്ച് ചെയർപേഴ്‌സണും കൗൺസിലർമാരും രണ്ട് തട്ടിലായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

സ്പിൽ ഓവർ ഉൾപ്പെടെ 40.34 കോടി രൂപയുടെ പദ്ധതികൾ നേരത്തേ സമർപ്പിച്ചിരുന്നു. പിന്നീട് 20 പദ്ധതികൾ കൗൺസിൽ ഭേദഗതി ചെയ്തു. ഈ പദ്ധതികളുടെ 2.66 കോടി രൂപയുടെ അടങ്കലിന് ആസൂത്രണ സമിതിയുടെ അംഗീകാരം വേണം. ജനുവരി 20-നകം ഭേദഗതി കൗൺസിൽ അംഗീകരിച്ച് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം.

ഇതിനായി 13-ന് കൗൺസിൽ യോഗം ചേർന്നു. ഒന്നാംനമ്പർ അജൻഡയായ പദ്ധതി സമർപ്പണം യോഗം അംഗീകരിച്ചതായി ചെയർപേഴ്‌സൺ പറഞ്ഞു.

വിവിധ വിഷയങ്ങളിൽ ബഹളത്തിൽമുങ്ങിയ കൗൺസിൽയോഗം കൃത്യമായ തീരുമാനം എടുക്കാതെ പിരിഞ്ഞതായി ഭൂരിപക്ഷം കൗൺസിലർമാരും പറയുന്നു.

മിനിറ്റ്‌സ്‌ തയ്യാറാക്കിയ ജനറൽ വിഭാഗം സൂപ്രണ്ടും കരട് മിനിറ്റ്‌സിൽ അജൻഡ അംഗീകരിച്ചതായി പറയുന്നില്ല. അംഗീകാരം ലഭിച്ചതായി ചെയർപേഴ്‌സൺ ഫയലിൽ കുറിച്ചു.

ഇത് ചട്ടപ്രകാരമല്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെ പദ്ധതി സമർപ്പണം നടത്താനായില്ല.

അംഗീകാരം നേടുന്നതിനാണ് അസാധാരണ നീക്കത്തിലൂടെ തിങ്കളാഴ്ച കൗൺസിൽ ചേർന്നത്. 25-നകം പദ്ധതി സമർപ്പിച്ചാൽ മതിയെന്ന സർക്കാർ നിർദേശം ഇപ്പോൾ വന്നിട്ടുണ്ട്.

ഒറ്റപ്പെട്ട് അധ്യക്ഷ; വെട്ടിലായത് എൽ.ഡി.എഫും

‘ഞങ്ങൾചെയ്ത പ്രവൃത്തി പാഴായിപ്പോയെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.’ തിങ്കളാഴ്ചത്തെ പ്രത്യേക കൗൺസിൽ യോഗത്തിൽ സി.പി.എം. കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ ഷീജ കരിമ്പിൻകാലയുടെ പ്രസംഗത്തിലെ ഭാഗമാണിത്. ഇടതുപക്ഷത്തിന്റെ പ്രതിനിധിയായ ചെയർപേഴ്‌സണെ പരാമർശിച്ചായിരുന്നു ഷീജയുടെ ഈ പ്രയോഗം. ഏഴുമാസംമുമ്പ് യു.ഡി.എഫിൽനിന്ന്‌ അടർത്തിയാണ് എൽ.ഡി.എഫ്. ശാന്തമ്മ വർഗീസിനെ ചെയർപേഴ്‌സണാക്കിയത്. യു.ഡി.എഫിൽ കേരള കോൺഗ്രസ് പ്രതിനിധിയായിരുന്നു ശാന്തമ്മ. ടോസിലൂടെയായിരുന്നു വിധി നിർണയിച്ചത്. വൈസ് ചെയർമാൻ സ്ഥാനം യു.ഡി.എഫ് നില നിർത്തുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് എൽ.ഡി.എഫിന് രുചിക്കാത്ത തീരുമാനങ്ങൾ ചെയർപേഴ്‌സൺ എടുക്കുന്നതായി ആരോപണം ഉയർന്നു. കഴിഞ്ഞയിടെ നഗരസഭാ മൈതാനം സി.പി.എം. പ്രവർത്തകർ നടത്തുന്ന സൊസൈറ്റിയുടെ കലാ പരിപാടിക്ക് നൽകാൻ ചെയർപേഴ്‌സൺ എതിരുനിന്നു. പബ്ലിക് സ്റ്റേഡിയം കായികേതര പരിപാടികൾക്ക് നൽകരുതെന്ന് മുൻ കൗൺസിൽ തീരുമാനിച്ചിരുന്നു. വൻ സമ്മർദങ്ങൾക്കൊടുവിൽ സ്റ്റേഡിയം വാടക വാങ്ങി നൽകാൻ ചെയർപേഴ്‌സൺ സമ്മതിച്ചു. പഴയ ടൗൺഹാളിരുന്ന ഭാഗത്ത് അഞ്ചുസെന്റ് സ്ഥലം സൊസൈറ്റിക്ക് കെട്ടിടം പണിയാൻ വിട്ടുനൽകാനുള്ള നീക്കം ഉണ്ടായി. യു.ഡി.എഫും, ബി.ജെ.പി.യും ഇതിനെ എതിർത്തു. ഇവർക്കൊപ്പമാണ് ചെയർപേഴ്‌സണും നിലകൊണ്ടത്. ഇതോടെ എൽ.ഡി.എഫ്. ആകെ വെട്ടിലായി. ഈ പ്രശ്‌നം ഇപ്പോഴും നീറിപ്പുകയുന്നുണ്ട്. ഒരുമുന്നണിയുടെയും പക്ഷത്തല്ലാത്ത നിലയിലാണ് ഇപ്പോൾ നഗരസഭാധ്യക്ഷ. യു.ഡി.എഫ്. അധ്യക്ഷയെ കാര്യമായി ആക്രമിക്കാൻ മുതിർന്നിട്ടില്ല.

നാടകീയതകൾ തുടർന്നേക്കാം

നൂറുവയസ്സുകടന്ന തിരുവല്ല നഗരസഭയിൽ കൗൺസിലർമാരുടെ സവിശേഷ അധികാരം പ്രയോഗിക്കുന്നത് ആദ്യം. മൂന്നിലൊന്നിൽ അധികം കൗൺസിലർമാർ ഒത്തുനിന്നാൽ കൗൺസിൽചേർന്ന് തീരുമാനം കൈക്കൊള്ളാമെന്ന പ്രത്യേക ചട്ടമാണ് തിരുവല്ലയിൽ തിങ്കളാഴ്ച നടപ്പായത്. ഏതിനമാണോ ചർച്ചചെയ്യേണ്ടത് അതുമാത്രം അജൻഡയിൽ ഉൾപ്പെടുത്തിവേണം യോഗം വിളിക്കാൻ മറ്റുകാര്യങ്ങൾക്ക് പ്രസക്തിയില്ല. വാർഷിക പദ്ധതി വിനിയോഗത്തിലെ ഭേദഗതി എന്ന ഒറ്റയിനമാണ് തിങ്കളാഴ്ച നടന്ന യോഗത്തിലെ അജൻഡ. തിങ്കളാഴ്ചത്തെ യോഗത്തിൽ ഇടത് കൗൺസിലർമാർ അധ്യക്ഷക്കെതിരേ കത്തിക്കയറിയപ്പോൾ യു.ഡി.എഫ്. പക്ഷത്തുനിന്ന് മുൻ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ് ചോദിച്ചത് ഇങ്ങനെയായിരുന്നു: ‘നിങ്ങളുടെ ചെയർപേഴ്‌സണെ നിങ്ങൾതന്നെ വെല്ലുവിളിക്കുന്നോ.’

ഏഴുമാസമായി ഇവിടെ വികസന പ്രവർത്തനം നടത്തിയതിന്റെ എന്തെങ്കിലും തെളിവുനൽകാമോയെന്ന് ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ് ചോദിച്ചു. പ്രത്യേകയോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പങ്കെടുത്ത അംഗങ്ങൾക്ക് ഭാവിയിൽ ബാധ്യതയാകരുതെന്ന് കോൺഗ്രസ് അംഗം ഡോ. റെജിനോൾഡ് വർഗീസ് പറഞ്ഞു. കൗൺസിൽ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽവരുന്ന സന്ദേശങ്ങൾ സംബന്ധിച്ചും അംഗങ്ങൾ പരസ്പരം തർക്കമുന്നയിച്ചു. അടുത്ത കൗൺസിലിൽ കൂടുതൽ തർക്കങ്ങളും നാടകീയതകളും ഉണ്ടാകാനുള്ള സാഹചര്യമാണ് നിലവിൽ.

ആ മിനിറ്റ്‌സ്‌ ആര് തയ്യാറാക്കിയത്

13-ന് ചേർന്ന യോഗത്തിന്റെ മിനിറ്റ്‌സ്‌ സംബന്ധിച്ചും ഇപ്പോൾ വിവാദമുണ്ട്. അജൻഡ പാസാക്കിയെന്ന അധ്യക്ഷയുടെ പരാമർശമുളള മിനിറ്റ്‌സും അതില്ലാത്ത മിനിറ്റ്‌സും ഫയലിലുണ്ട്. പാസാക്കിയെന്ന പരാമർശമുള്ള മിനിറ്റ്‌സ്‌ ഉദ്യോഗസ്ഥരാരും തയ്യാറാക്കിയതല്ലെന്ന് സെക്രട്ടറി കൗൺസിൽ യോഗത്തിൽ പറഞ്ഞു. എങ്കിൽ വിശദമായി അന്വേഷിക്കണമെന്ന് കൗൺസിലർമാരും പറഞ്ഞു. പ്രത്യേക യോഗമായതിനാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ല.

നിലപാട് മാറ്റില്ല-ചെയർപേഴ്‌സൺ

ആദ്യംമുതൽ ഒറ്റ നിലപാടാണുളളത്. 13-ന് ചേർന്ന കൗൺസിൽ പദ്ധതി ഭേദഗതി അംഗീകരിച്ചു. ബഹളത്തിനിടയിൽ താൻ പറഞ്ഞത് കൗൺസിലർമാർ കേട്ടിട്ടുണ്ടാകില്ല. അതേ വിഷയം വീണ്ടും ചർച്ചചെയ്യാൻ ചേരുന്ന യോഗത്തിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. തുടർന്നുള്ള കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..