അരമണിക്കൂർ മഴ; കുരിശുകവല മുങ്ങി


കനത്ത മഴയെത്തുടർന്ന് കുരിശുകവലയിൽ ഓടകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്നു

തിരുവല്ല : കാത്തിരിന്ന് വേനൽമഴയെത്തിയപ്പോൾ നഗരം അനുഭവിച്ചത് ദുരിതം. ഓടകൾ കവിഞ്ഞ് മലിനജലം പലവഴി ഒഴുകി. കുരിശുകവലയിൽ അമ്പലപ്പുഴ റോഡ് തുടങ്ങുന്നഭാഗത്ത് വെളളപ്പൊക്കത്തിന് സമമായിരുന്നു കാര്യങ്ങൾ. ഹോട്ടലടക്കം ചില വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായി. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധമാണ് നഗരത്തിലെ പ്രധാന കവലയിൽ വെളളക്കെട്ടുണ്ടായത്.

രണ്ടുമണികഴിഞ്ഞ് പെയ്ത മഴ അരമണിക്കൂറോളം നീണ്ടു. നവീകരിച്ച അമ്പലപ്പുഴ സംസ്ഥാനപാത എം.സി. റോഡിൽ ചേരുന്ന ഭാഗമാണ് കുരിശുകവല. അമ്പലപ്പുഴ പാതയുടെ ഇരുവശത്തുമുളള വ്യാപാര സ്ഥാപനങ്ങളാണ് വെള്ളക്കെട്ടിൽ കൂടുതൽ വലഞ്ഞത്.

മുമ്പുണ്ടായിരുന്നതിനേക്കാൾ വീതിയിലും ഉയരത്തിലുമാണ് അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഓട പണിതിരിക്കുന്നത്. കുരിശുകവലയിൽ റോഡ് മുറിച്ച് ഓട ബന്ധിപ്പിക്കുകയും ചെയ്തു. നേരത്തെ ഈഭാഗത്തെ ഓട അടഞ്ഞ നിലയിലായിരുന്നു. ആ സമയത്തും കനത്തമഴ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. പുതിയ ഓടയിലേക്ക് റോഡിന്റെ ഉപരിതലത്തിൽനിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതിന് പലഭാഗത്തായി സുഷിരങ്ങൾ ഇട്ടിട്ടുണ്ട്.

സംസ്ഥാനപാതയിൽ ബി.എസ്.എൻ.എൽ. കഴിഞ്ഞുള്ള ഇറക്കമാണ് ഈ ഭാഗം. സുഷിരങ്ങളിലൂടെ വെള്ളം പോകുന്നതിനുപകരം നേരെ കവലയിലേക്ക് എത്തുന്ന സ്ഥിതിയാണിപ്പോൾ. വീതി വർധിപ്പിക്കാതെയാണ് റോഡ് നവീകരിച്ചത്. ഓടയ്ക്ക് വീതി കൂട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന റോഡിന്റെ വീതി കുറഞ്ഞു.

ഓട ശുചീകരണം കൃത്യമായി നടക്കാത്തതും മലിനജലം പുറത്തേക്ക് വരാൻ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ ആരോപിച്ചു.

കഴിഞ്ഞ നവംബർ 10-നും സമാനമായ വിധത്തിൽ കുരിശുകവലയിൽ ഓടകവിഞ്ഞ് മഴവെള്ളം റോഡിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..