പതിച്ചുനൽകാമോ ഈ പാത;പണിതൊരുക്കാനാ


തോമ്പിത്തറയിലേക്കുള്ള മൺപാത

തിരുവല്ല : മുപ്പതോളം വീട്ടുകാർ കുഴിയിൽച്ചാടിയും തെന്നിവീണും നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കുറ്റൂർ പഞ്ചായത്തിലെ തോമ്പിത്തറയിലാണ് വികസനം എത്തിനോക്കാത്ത മൺപാതയുളളത്. നടവഴിയുടെ ഭൂമി റെയിൽവേ പതിച്ചുനൽകാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ചെറുമഴപെയ്താൽ കുളമായി മാറും റോഡ്. റെയിൽപ്പാതയുടെ ഓരം ചേർന്ന് വയലിനേക്കാൾ അല്പം ഉയരം മാത്രമുള്ള വഴി.

വശങ്ങളിലെല്ലാം കാട്. ഇഴജന്തുക്കൾ ധാരാളം. തോമ്പിത്തറക്കാവ്, പെരുമ്പേലിക്കാവ് എന്നീ ആരാധനാലയങ്ങൾ ഉണ്ടിവിടെ. കുറ്റൂരിലെ പ്രധാന പാടശേഖരമായ കോതവിരുത്തിയിലേക്ക് കാർഷിക ഉപകരണങ്ങളും മറ്റും എത്തിക്കാൻ അനുയോജ്യമാണ് വഴി. റെയിൽവേക്രോസ്‌മുതൽ പുഞ്ചയിലേക്കുള്ള ഭാഗമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്. ഇരട്ടപ്പാത വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ എട്ടടിവീതിയിൽ റെയിൽവേ വഴിക്കായി നൽകിയിരുന്നു. എന്നാൽ, രേഖാമൂലം കൈമാറ്റം നടത്തിയിട്ടുമില്ല. മണ്ണിട്ടുയർത്താനോ ടാർചെയ്യാനോ പിന്നീട് സാധിച്ചിട്ടില്ല.

രേഖയിൽ റെയിൽവേ ഭൂമി

രേഖകളിൽ റെയിൽവേ ഭൂമിയാണ്. റോഡ് നന്നാക്കിയെടുക്കാൻ ഉദ്യോഗസ്ഥർ നാട്ടുകാരോട് വാക്കാൽ മാത്രം പറയും. എന്നാൽ, ആധികാരികരേഖ ഇല്ലാതെ പഞ്ചായത്ത് ഫണ്ടുകളും മറ്റും അനുവദിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അനുമതി സംഘടിപ്പിച്ചെടുക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങുന്നുമില്ല. പ്രായമായവരും, അംഗവൈകല്യം ഉള്ളവരും രോഗികളുമടക്കം ഏറെപ്പേർ റോഡിന്റെ ഗുണഭോക്താക്കളായുണ്ട്. 300 മീറ്ററോളം ദൂരത്തിൽ നടുഭാഗം ഉയർന്നും ഇരുവശവും താഴ്ന്നുമാണ് റോഡ് കിടക്കുന്നത്. മര്യാദയ്ക്ക് ഒരു ഓട്ടോപോലും കടത്തിക്കൊണ്ടുപോകാനാകില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..