റാന്നി : അത്തിക്കയം-മടന്തമൺ-കൂത്താട്ടുകുളം റോഡിലെ ചെമ്പനോലി അപകട വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കും. ഇതിനായി 15 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു.
ചെമ്പനോലിയിലെ കുത്തിറക്കത്തിലെ കൊടും വളവിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ലോറി വളവിൽ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ ഒരാൾ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. രണ്ട് വർഷത്തിലേറെയായി ഇവിടെ സുരക്ഷാ ക്രമീകരണം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യം എം.എൽ.എ. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സേഫ്റ്റി വിഭാഗം ഇവിടെ പരിശോധന നടത്തി അപകടം ഒഴിവാക്കുന്നതിനായി പദ്ധതി തയ്യാറാക്കിയത്. ഇതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
നാറാണംമൂഴി, വെച്ചുച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മടന്തമൺ- കൂത്താട്ടുകുളം റോഡ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉന്നതനിലവാരത്തിൽ ടാറിങ് നടത്തി റോഡ് നവീകരിച്ചിരുന്നു. ഇതോടെ കുത്തിറക്കത്തിലുള്ള കൊടുംവളവ് സ്ഥിരം അപകട സ്ഥലമായി മാറി. കുത്തിറക്കം ഇറങ്ങിവരുമ്പോൾ ഉണ്ടാകുന്ന കൊടുംവളവിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയുമാണ്. പാറ ഉത്‌പന്നങ്ങളുമായി എത്തിയ ലോറികളാണ് അപകടത്തിൽപെട്ടവയിൽ കൂടുതലും. എത്രയും വേഗം സുരക്ഷാ സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..