റാന്നി : റാന്നി-കോഴഞ്ചേരി റോഡിലെ പുതമൺപാലം പൊളിച്ചുനിർമിക്കാൻ കാലതാമസമുണ്ടാകും. അതിനാൽ പാലത്തിനോടുചേർന്ന് താത്‌കാലിക പാത നിർമിക്കാനാകുമോ എന്ന് പരിശോധിക്കാൻ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു.
കൂടാതെ, ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടാനും ഏതാനും ബസുകളെങ്കിലും ചാക്കപ്പാലം-അന്ത്യാളൻകാവ് വഴി പുതമൺ അക്കരെയെത്തി സർവീസ് നടത്തുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.
പാലത്തിന്റെ ഏറെ പഴക്കമുള്ള മധ്യഭാഗമാണ് അപകടനിലയിലായിട്ടുള്ളത്. 10 വർഷംമുമ്പ് ഇരുവശത്തും രണ്ടരമീറ്റർ വീതിയിൽ പുതുതായി സ്ലാബ് നിർമിച്ച് പാലത്തിന്റെ വീതി വർധിപ്പിച്ചിരുന്നു. തകർന്നഭാഗം കെട്ടി, വേർതിരിച്ച് പുതുതായി നിർമിച്ച ഇരുഭാഗത്തൂടെയും ഇരുചക്രവാഹനങ്ങൾ മാത്രം കടത്തിവിടാനാണ് തീരുമാനിച്ചത്. മറ്റ് വാഹനങ്ങൾ കടത്തിവിടില്ല. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തി.
പാലം പൊളിച്ച് പുതുക്കിപ്പണിയണമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്ന് ജനങ്ങൾ നേരിടുന്ന യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരംകാണാൻ പ്രമോദ് നാരായൺ എം.എൽ.എ. വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പാലം തകർന്നതിനാൽ റാന്നിയിൽനിന്ന് കോഴഞ്ചേരിക്കുള്ള ബസുകൾ ഇപ്പോൾ കീക്കൊഴൂർ, പേരൂച്ചാൽ പാലത്തിലൂടെ മറുകരയിലെത്തി ചെറുകോൽപ്പുഴ-റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂർ മുതൽ മേലുകരവരെയുള്ള ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനാണ് ഏതാനും ബസുകളെങ്കിലും ചാക്കപ്പാലം വഴി തിരിഞ്ഞുപോകാൻ നിർദേശിക്കുന്നത്. ഇങ്ങനെ പോകുന്നതിന് ഏകദേശം 10 കിലോമീറ്റർ കൂടുതൽ ദൂരം ബസുകൾ ഓടേണ്ടിവരുന്നു. പുതമൺ-വയലത്തല റോഡിൽ തിങ്കളാഴ്ചമുതൽ ജലവിതരണ പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നതിനാലാണ് ബസുകൾ ചാക്കപ്പാലത്തുനിന്നേ തിരിച്ചുവിടാൻ നിശ്ചയിച്ചത്.
ടിപ്പറുകൾ മാമുക്കുനിന്ന്് തിരിയണം; സമയത്തിലും നിയന്ത്രണം
റാന്നി-കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർലോറികൾ മാമുക്ക് ഭാഗത്തുനിന്നുതന്നെ തിരിഞ്ഞുപോകാൻ സംവിധാനം ഒരുക്കും. ഇതുവഴി പോകുന്ന ടിപ്പറുകളുടെ യാത്ര രാവിലെ എട്ടുമുതൽ പത്തുവരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും നിരോധിക്കും.
ചെറുകോൽപ്പുഴ-റാന്നി റോഡിന് വീതി കുറവായതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന യാത്രക്കാർക്ക് നേരത്തേതന്നെ ദിശമാറി പോകുന്നതിനായി നെടിയത്ത് ജങ്‌ഷനിലും കീക്കൊഴൂർ പാലത്തിന്റെ ഭാഗത്തും സൂചനാ ബോർഡുകൾ വെയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. എം.എൽ.എ.യെ കൂടാതെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ എം.അശോക് കുമാർ, ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സാം പി.തോമസ്, തഹസിൽദാർ മഞ്ജുഷ, ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാർ, പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ നസീം, റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർ അംബിക, അസിസ്റ്റന്റ് എൻജിനീയർ റീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..