പുതിയ പരിശോധനാഫലം വരുന്നമുറയ്ക്ക് തുടങ്ങും: പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം നിർത്തി


തിരുവല്ല : നഗരസഭാ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ടുവാർഡുകളിൽ പ്രതിരോധ പ്രവർത്തനം പൂർത്തിയായി. വ്യാഴം, വെള്ളി ദിവസങ്ങളിലായി വളർത്തുപക്ഷികളെ കൊല്ലുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് റാപ്പിഡ് റെസ്‌പോൺസ് സംഘം നടത്തിയത്. 220 കോഴികളെയും രണ്ട് താറാവുകളെയും മറ്റിനങ്ങളിലുള്ള 111 വളർത്തുപക്ഷികളെയും കൊന്നു. 80 കിലോ കോഴിത്തീറ്റയും 36 മുട്ടകളും നശിപ്പിച്ചു. 34-ാം വാർഡിൽപ്പെടുന്ന ചാത്തമല, 38-ാം വാർഡിൽപ്പെടുന്ന മുത്തൂർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ പ്രത്യേക ലാബിൽ സാമ്പിൾ പരിശോധിച്ചാണ് സ്ഥിരീകരണം വന്നത്. രണ്ടുവാർഡുകളുടേയും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാണ്. തുകലശ്ശേരി, കറ്റോട്, പൊടിയാടി എന്നിവിടങ്ങളിൽ കൂട്ടത്തോടെ ചത്ത കോഴികളുടെ സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഉടൻ ഫലംവരും. പക്ഷിപ്പനി സാധ്യത മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. പ്രതിരോധ പ്രവർത്തനം ഫലം വരുന്നമുറയ്ക്ക് ആരംഭിക്കും.

കോഴിക്കടകൾ മൂന്നുദിവസം തുറക്കില്ല

തിരുവല്ല : നഗരസഭാ പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ കോഴിക്കടകൾ, പക്ഷി വില്പനാശാലകൾ, മുട്ടകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണിത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് നിയന്ത്രണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..