റാന്നി റെയിൻ പദ്ധതി; പരിശീലനം നൽകി


റാന്നി : റാന്നി മണ്ഡലത്തിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന റാന്നി റെയിൻ(റാന്നി ഇനിഷ്യേറ്റീവ് എഗൻസ്റ്റ് നാർക്കോട്ടിക്സ്) പദ്ധതി ഭാഗമായി അധ്യാപകർക്ക് പരിശീലനം നൽകി.

കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ പ്രമോദ് നാരായൺ എം.എൽ.എ. മുൻ കൈയ്യെടുത്ത് രൂപവത്കരിച്ചതാണ് റെയിൻ പദ്ധതി.

നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളിലും ലഹരിക്കെതിരേ അവബോധം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും രൂപവത്കരിക്കുന്ന പ്രത്യേക സേനയിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നവർക്കായുള്ള ക്ലാസാണ് സംഘടിപ്പിച്ചത്.

മൂന്ന് ഘട്ടമായിട്ടാണ് റെയിൻ പദ്ധതി നടത്തുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്‌സ് ടീമിനെ രൂപവത്കരിച്ച് അവർക്ക് പരിശീലനം നൽകുകയാണ് ആദ്യം ഘട്ടത്തിൽ.

പരിശീലനം നേടിയവർ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാർഥികളെ ശാസ്ത്രീയമായ അവബോധ പ്രവർത്തനത്തിൽ ഭാഗവാക്കാകും.

റാന്നിയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ്, പോളീ ടെക്‌നിക്, ഐ.ടി.ഐ. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ആർമി എസ്.പി.സി. മാതൃകയിൽ രൂപവത്കരിച്ചുവരുന്നു.

രണ്ടാംഘട്ടത്തിൽ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകർത്താക്കൾക്ക് അവബോധം നൽകും. അതിനുശേഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുവാൻ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗൽഭരെ ഉൾപ്പെടുത്തി ജാഗ്രത സമിതികളും രൂപവത്കരിക്കും. തുടർന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരിവിരുദ്ധ ഗ്രാമസഭയും ചേരും.

കുട്ടികൾക്ക് ഈ വിഷയത്തിൽ നേരിടുന്ന പ്രശ്‌നങ്ങളുടെ മേൽ അവരെ സഹായിക്കുവാനും സർഗാത്മക പ്രവർത്തനങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന് ഭാഗമായി സ്റ്റുഡൻസ് സെന്ററും റാന്നിയിൽ തുടങ്ങുമെന്ന് എം.എൽ.എ.പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജ്വാല, നോളജ് വില്ലേജ് പോലെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പമാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും എം.എൽ.എ. ഇടപെടുന്നത്.

മുൻ ജില്ലാ കളക്ടറായ പി.വേണുഗോപാൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ.പ്രസാദ്, റാന്നി ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാർ, എക്സൈസ് ഇൻസ്‌പെക്ടർ ജെ.റെജി, സ്മിതാ ചന്ദ്ര, സന്തോഷ് ബാബു, ദിശ എക്‌സിക്യുട്ടീവ് ഡയറക്ടർ ഷിജു എം.സാംസൺ, ഫാ. സാം പി.ജോർജ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..