പുതമൺ പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾക്ക് കടക്കാം


പാലത്തിലൂടെ ബസ് സർവീസില്ലാത്തതിനാൽ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ളവർ യാത്രാക്ലേശത്താൽ വലയുകയാണ്

റാന്നി-കോഴഞ്ചേരി റോഡിൽ ഗതാഗതം നിരോധിച്ച പുതമൺ പാലത്തിന്റെ അപകടനിലയിലായ മധ്യഭാഗം കെട്ടിയടയ്ക്കുന്നു. വശത്തുകൂടി ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടണ്ട്

റാന്നി : റാന്നി-കോഴഞ്ചേരി റോഡിൽ അപകടനിലയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ച പുതമൺ പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ഏതാനും വർഷങ്ങൾക്ക് മുമ്പ് പാലത്തിന്റെ ഇരുവശത്തും വീതികൂട്ടിയ ഭാഗത്തുകൂടിയാണ് ഇരുചക്രവാഹനങ്ങൾ കടത്തിവിടുന്നത്. ശനിയാഴ്ച ഒരു വശത്തുകൂടി മാത്രമാണ് കടത്തിവിട്ടത്. മധ്യഭാഗം അപകടനിലയിലായതിനാൽ പൊതുമരാമത്തുവകുപ്പ് ഈ ഭാഗം കല്ലുകൊണ്ട് കെട്ടിയടച്ചു. ഇരുവശത്തും ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലം വിട്ടാണ് കെട്ടിയടയ്ക്കുന്നത്.

വെള്ളിയാഴ്ച പ്രമോദ് നാരായൺ എം.എൽ.എ. വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗ തീരുമാന പ്രകാരമാണ് ഇരുചക്രവാഹനങ്ങൾ മാത്രം വശങ്ങളിലൂടെ കടത്തിവിടുന്നത്. ഏതാനും ബസുകളെങ്കിലും ചാക്കപ്പാലം, അന്ത്യാളൻകാവ് വഴി പുതമൺ അക്കരെ എത്തി സർവീസ് നടത്തുവാൻ നിർദേശിക്കുന്നതിന് യോഗം തീരുമാനിച്ചിരുന്നെങ്കിലും ശനിയാഴ്ച ഇതുവഴി ബസുകളൊന്നും ഓടിയില്ല. 10 കിലോമീറ്റർ അധികം ഓടേണ്ടതിനാൽ ബസുകൾ ഓടാൻ മടിക്കുകയാണ്.

ബസ് സർവീസില്ലാത്തതിനാൽ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ള ഭാഗത്തെ സ്വന്തമായി വാഹനമില്ലാത്തവർ യാത്രാക്ലേശത്താൽ വലയുകയാണ്. നാലും അഞ്ചും കിലോമീറ്ററുകൾ നടന്നാണ് പലരും അടുത്ത ബസ് സ്റ്റോപ്പുകളിൽ എത്തുന്നത്.

ബുധനാഴ്ച വൈകീട്ടാണ് പുതമൺ പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാലത്തിന്റെ മധ്യഭാഗത്തെ രണ്ട് ബീമുകൾ പൊട്ടിയതായി കണ്ടെത്തുകയായിരുന്നു. വാഹനങ്ങൾ കടത്തിവിടുന്നത് അപകടത്തിന് സാധ്യതയുള്ളതിനാൽ ഉടൻ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയുംചെയ്തു.

പാലം പൊളിച്ച് പുതിയത് പണിയണമെന്നാണ് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തിയശേഷം തീരുമാനിച്ചത്. പാലം നിർമിക്കുവാൻ മാസങ്ങൾ വേണ്ടിവരും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..