ഭക്ത്യാവേശത്തിൽ കോട്ടാങ്ങൽ വലിയ പടയണി


കോട്ടാങ്ങൽ വലിയ പടയണിയിൽ കോട്ടാങ്ങൽ കരയുടെ മഹാഘോഷയാത്ര ചുങ്കപ്പാറ കവലയിൽനിന്ന് പുറപ്പെട്ടപ്പോൾ

മല്ലപ്പള്ളി : നാടിനെ ഭക്ത്യാവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കോട്ടാങ്ങൽ പടയണിക്ക് കൊട്ടിക്കലാശം. എട്ടുരാവുകളിലായി കളത്തിൽ മത്സരിച്ച കോട്ടാങ്ങൽ, കുളത്തൂർ കരക്കാർ ഒരുമയുടെ സൂചകമായി കൈകൾ കോർത്ത് അമ്പല നടയിൽ ഞായറാഴ്ച വൈകീട്ട് ചുവടുവയ്ക്കും.

ശനിയാഴ്ച കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടന്നു. വൈകീട്ട് നാലിന് ചുങ്കപ്പാറ കവലയിൽനിന്ന് ഘോഷയാത്ര തുടങ്ങി. ചോറ്റിക്കാവടികൾ, പീലിക്കാവടികൾ, മേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കരകമാട്ടം, അമ്മനാട്ടം, മുത്തുക്കുടകൾ, ഭജൻസ് അടക്കമുള്ള വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷമൊരുക്കി.

അറുപതിലധികം കുരുന്നുകൾ ആയോധനകലയിലെ അടവുകൾ പയറ്റിയ തിരുമുൻപിൽ വേലയും അരങ്ങേറി. വലിയ പടയണിയുടെ തുടക്കമറിയിച്ച് 101 പാളയിൽ തീർത്ത ഭൈരവി കോലം രാത്രി ഒന്നിന് കളത്തിൽ എത്തി. തുടർന്ന് പാള ഭൈരവികൾ, അരക്കി യക്ഷി, സുന്ദര യക്ഷി, മറുത, കൂട്ട മറുത, പക്ഷി എന്നീ കോലങ്ങളും തുള്ളി ഒഴിഞ്ഞു.

മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യമായ കാലൻ കോലം നാലിനാണ് കാപ്പൊലിച്ചെത്തിയത്. ജീവനുള്ള പോത്തിന്റെ പുറത്തായിരുന്നു വരവ്. പിഴകളെല്ലാം പൊറുത്ത് അനുഗ്രഹിക്ക ഭഗവതിയേ എന്ന വായ്ത്താരിയോടെ മംഗള ഭൈരവി വന്ന് മടങ്ങിയതോടെ ചടങ്ങുകൾ പൂർണമായി.

തുടർന്ന് പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി കോട്ടാങ്ങൽ അമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽനിന്നും കാവും കടവിലേക്കുനടന്ന എഴുന്നള്ളത്തിൽ ഇരുകരക്കാരും പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..