മാരാമൺ കൺവെൻഷന് രണ്ടാഴ്ചമാത്രം: നഗറിലേക്കുള്ള പാതകൾ തകർന്നുതന്നെ


വാഹനം കടന്നുപോകാൻ തകർന്ന ഒരുപാത മാത്രം

കോഴഞ്ചേരിയിൽനിന്ന് പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിന്റെ കൈവരികൾ തകർന്നനിലയിൽ

കോഴഞ്ചേരി : മാരാമൺ കൺവെൻഷൻ ആരംഭിക്കാൻ കേവലം രണ്ടാഴ്ച മാത്രം ശേഷിക്കെ കൺവെൻഷൻ നഗറിലേക്ക് ചെന്നെത്തുന്ന പ്രധാന പാതകളെല്ലാം തകർന്നുതന്നെ. മുമ്പ് മാരാമണ്ണിൽനിന്ന്‌ കൺവെൻഷൻ നഗറിലേക്കുള്ള താത്കാലിക പാലത്തിന് സമീപത്തുവരെ വാഹനങ്ങൾ എത്തിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. നിലവിൽ പണിപാതിയിൽ അവസാനിച്ച സമാന്തരപാലത്തിന്റെ കൂറ്റൻ തൂൺ വഴിമുടക്കിയായതോടെ മാരാമൺ ഭാഗത്തുകൂടി വാഹനങ്ങൾ കൊണ്ടുവരാൻ പറ്റാതായി.

കരാറുകാരുമായുള്ള പ്രശ്നവും ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച നിയമപ്രശ്നങ്ങളുമാണ് നിർമാണം തുടങ്ങി രണ്ടുവർഷം പിന്നിട്ടിട്ടും പാലംപണി പൂർത്തിയാകാത്തതിന് കാരണം. മാരാമൺ കരയിൽ ആറുപേരാണ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയത്. നിർദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 344 മീറ്ററാണ് നീളം. സ്ഥിരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 2018 ഡിസംബർ 27-ന് നിർമാണം ആരംഭിച്ചു. കിഫ്ബിക്കാണ് പാലത്തിന്റെ നിർമാണ ചുമതല.

വാഹനം കടക്കാൻ ഒരുവഴി, ദുർബലമായൊരു പാലവും

മാരാമൺ കൺവെൻഷൻ നഗറിലേക്ക് പ്രധാന വ്യക്തികളെ കൊണ്ടെത്തിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് കടന്നുചെല്ലാനും കോഴഞ്ചേരി ടൗണിൽനിന്ന് മാത്രമാണ് പ്രവേശനമുള്ളത്. എന്നാൽ ചെളിയും പാറയും നിറഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരം അസാധ്യമാണ്.

ഇവിടുത്തെ പാലത്തിന്റെ ദുർബലമായ കൈവരികൾ പൊളിഞ്ഞ് ഏതുനിമിഷവും പമ്പയിലേക്ക് പതിക്കുന്ന നിലയിലാണ്. പഞ്ചായത്ത് ഇവിടെ റോഡ് പുനർനിർമിക്കാനും അറ്റകുറ്റപ്പണികൾക്കുമായി പദ്ധതി ഇട്ടിരുന്നെങ്കിലും മാസങ്ങൾക്ക് മുമ്പ് എം.എൽ.എ. ഇവിടെ നാലുമണിക്കാറ്റ് വിശ്രമകേന്ദ്രം പ്രഖ്യാപിച്ചതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ നിന്നുപോയത്.

പാലംപണി നിന്നു, നഗരത്തിന് കുരുക്ക് മാത്രം

ഗതാഗതക്കുരുക്ക് ഒഴിവാക്കി ടൗണിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് നിർമാണം തുടങ്ങിയ സമാന്തരപാലത്തിന്റെ പണി അനിശ്ചിതത്വത്തിൽ തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവെയ്ക്കുന്നു. ബസോ ലോറിയോ പാലത്തിലേക്ക് പ്രവേശിച്ചാൽ ഒരുസമയം ഒരുവശത്തേക്ക് മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനാവുക. ഇത് പലപ്പോഴും നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനാണ് വഴിവെയ്ക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..