ഇലന്തൂരിൽ ഇരമ്പുന്നു... മഹാത്മാവിന്റെ സ്മരണകൾ


പത്തനംതിട്ട: ഖാദിയെ പ്രോത്സാഹിപ്പിക്കണം. നിങ്ങൾക്കാവത് നിങ്ങളും ചെയ്യണം. മരണംവരെ ജന്മനാടിനായി പോരാടണം. മഹാത്മാവിൻറെ 1937 ജനുവരി 20-ലെ വാക്കുകൾ ഇന്നും ഇലന്തൂരിന്റെ അന്തരീക്ഷത്തിൽ തുടിക്കന്നു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാംവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് ആ ഒാർമകൾക്ക് മുൻപിൽ പ്രാർഥനയിലാണ്.

വൈക്കം, കുമാരനല്ലൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് ഗാന്ധിജി ഇലന്തൂരിലെത്തുന്നത്. സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഇലന്തൂർ കെ. കുമാർജിയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ഇലന്തൂരിലേക്ക് ഗാന്ധിജിയെ ക്ഷണിക്കുന്നത്. ഇപ്പോഴത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപമായിരുന്നു പ്രസംഗവേദി. കഴിഞ്ഞയിടെ അന്തരിച്ച ഉടയൻകാവിൽ കെ.മീനാക്ഷിയമ്മയുടെ നേതൃത്വത്തിൽ വിദ്യാർഥികളായിരുന്നു ഗാന്ധിജിയെ സ്വീകരിച്ചത്.

ഗാന്ധിജിയുടെ വാക്കുകൾ ഇലന്തൂരിലെയും മധ്യതിരുവിതാംകൂറിലെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഉൗർജമായി. ഇതിൽ ആകൃഷ്‌ടനായ ഖദർ ദാസ് ഗോപാലപിള്ളയാണ് 1941 ഒക്ടോബർ രണ്ടിന് ഇലന്തൂരിൽ ‘മഹാത്മാ ഖാദി ആശ്രമം’ സ്ഥാപിച്ചത്. ഗാന്ധിശിഷ്യന്മാരായ കെ. കുമാർജി, സഹോദരൻ രാമൻ നായർ, ഖദർ ദാസ്‌ ഗോപാലകൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവിടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾ നടന്നിരുന്നത്. സ്വാതന്ത്ര്യസമരം, അയിത്തോച്ചാടനം, ഖാദി പ്രചരിപ്പിക്കൽ തുടങ്ങിയ മേഖലകളിലെല്ലാം ഇലന്തൂർ, ചരിത്രത്തിൽ ഇടംനേടി. ആചാര്യ വിനോബാ ഭാവെ, ജയപ്രകാശ്‌ നാരായൺ, കെ.കേളപ്പൻ തുടങ്ങിയവർ ഇവിടെയെത്തി പ്രവർത്തനങ്ങൾക്ക്‌ ആവേശം പകർന്നു. തിരുവിതാംകൂറിൽ ആരംഭിച്ച മൂന്ന് ഹരിജൻ കോളനികളിൽ ആദ്യത്തേത് ഇലന്തൂരിലാണ് സ്ഥാപിച്ചത്. ഹരിജനോദ്ധാരണ നേതാക്കളായ രാമേശ്വരി നെഹ്‌റു ഉൾപ്പെടെയുള്ളവർ ഈ സമയം ഇലന്തൂർ സന്ദർശിച്ചു. പിന്നീട് 1944-ൽ ടി.പി.ഗോപാലപിള്ള ഗാന്ധിജിയുടെ നിർദേശമനുസരിച്ച് ഇലന്തൂരിലെ ഖാദി ആശ്രമം വിപുലീകരിച്ചു. മാന്നാർ, കിടങ്ങൂർ, വെട്ടിപ്പുറം, ഓമല്ലൂർ, വകയാർ, ചങ്ങനാശ്ശേരി തിരുവല്ല, വാഴൂർ എന്നിവിടങ്ങളിലും ഖാദികേന്ദ്രങ്ങൾ തുറന്നു. ഖാദി ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിന്‌ കൈമാറി. നിലവിൽ ജില്ലാ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..