മല്ലപ്പള്ളി: 2021 ഒക്ടോബർ 17-ന് സമീപന പാത വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മണിമലയാറ്റിലെ കോമളം കടവിൽ യാത്രാമാർഗം ഒരുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരുമാസംകൂടി വേണമെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇനിയും കാലതാമസം അനുവദിക്കാനാവില്ലെന്നും 15 ദിവസങ്ങൾക്കുള്ളിൽ അറിയിക്കണമെന്നും കോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരാണ് കോമളം ജനകീയവേദിയുടെ ഹർജി പരിഗണിച്ച് ഇങ്ങനെ നിർദേശം നൽകിയത്.
എസ്റ്റിമേറ്റിനെക്കാൾ 23.99 ശതമാനം അധികനിരക്കിലാണ് പുതിയ പാലം നിർമിക്കാനുള്ള കുറഞ്ഞ ടെൻഡറെന്നും ഇത് നൽകിയ ആളുമായി കൂടിക്കാഴ്ച നടത്തുകയും മന്ത്രിസഭയുടെ അംഗീകാരം നേടാനും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടതായും പി.ഡബ്ല്യു.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾക്കായി ഫെബ്രുവരി 18 വരെ സമയമാണ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് 15 ദിവസമായി കോടതി വെട്ടിച്ചുരുക്കിയത്.
ദുരിതം മാറ്റണം
യാത്രാദുരിതമകറ്റാൻ ഷട്ടിൽ സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സി. പരിഗണിക്കണമെന്നും താത്‌കാലിക പാലം നിർമിക്കുന്ന കാര്യം പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 10-ന് കേസ് വീണ്ടും പരിഗണിക്കും. പാലം ഉപയോഗശൂന്യമായതോടെ കോമളം, കുംഭമല, തുരുത്തിക്കാട് അമ്പാട്ടുഭാഗം, മാരേട്ടുതോപ്പ് മുതലായ സമീപപ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇവിടെയുള്ളവർ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത് പുറമറ്റം പഞ്ചായത്തിലെ കോമളം കവല, വെണ്ണിക്കുളം എന്നിവിടങ്ങളിൽനിന്നായിരുന്നു. പാലം ഇല്ലാതായതോടെ കോമളം കവലയിൽ ആളൊഴിഞ്ഞു. കച്ചവടവും തീരെക്കുറഞ്ഞു. വെണ്ണിക്കുളം ഗവ. പോളിടെക്‌നിക്, വെണ്ണിക്കുളം എസ്.ബി. ഹയർസെക്കൻഡറി സ്കൂൾ, തുരുത്തിക്കാട് ബി.എ.എം. കോളേജ്, കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജ് തുടങ്ങിയ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിലെത്താനും ബുദ്ധിമുട്ടേറി. കല്ലൂപ്പാറ, പുതുശ്ശേരി, ചെങ്ങരൂർ, കുന്നന്താനം മുതലായ ഒട്ടനവധി പ്രദേശങ്ങളിൽനിന്ന് ജില്ലാ ആശുപത്രി സ്ഥിതിചെയ്യുന്ന കോഴഞ്ചേരിക്കും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയ്ക്കും പോകുന്നതിനുള്ള എളുപ്പമാർഗവുമാണ് കോമളം പാലത്തിന്റെ വഴിയടഞ്ഞതോടെ ഇല്ലാതായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..