ഇരവിപേരൂർ: ജില്ലാ സ്പോർട്‌സ് കൗൺസിൽ ഇരവിപേരൂരിൽ പണിയുന്ന കെട്ടിടത്തിന്റെ പണികൾ ഇഴയുന്നതായി ആക്ഷേപം. മേതൃക്കോവിൽ ജില്ലാ സ്പോർട്‌സ് ഹോസ്റ്റലിനോടുചേർന്ന് ഇതിന്റെ നിർമാണം തുടങ്ങിയിട്ട് ഒരുവർഷത്തോളമായി. കോൺക്രീറ്റിങ് നടത്തി ഭിത്തിയുടെ പ്ലാസ്റ്ററിങ് അടക്കമുള്ള ജോലികൾ തീർന്നിട്ടുണ്ടെങ്കിലും വയറിങ് പ്ലംബിങ് ജോലികൾ ബാക്കിയാണ്. മേതൃക്കോവിലെ പഴയ എൽ.പി.സ്‌കൂൾ കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെ സ്‌കൂൾ ഓഫീസിന് ഒരുമുറിയും നാലു ക്ലാസുകൾ നടത്താൻ കഴിയുന്ന തരത്തിലൊരു ഹാളുമാണുള്ളത്. ഇതാകട്ടെ മുറികളായി വേർതിരിച്ചിട്ടില്ല. കുട്ടികൾ പഠിക്കുന്നതും കിടക്കുന്നതുമൊക്കെ ഇതിനകത്താണ്. അടുക്കളയും ഊണുമുറിയും പാത്രങ്ങളും ആഹാരത്തിനുവേണ്ടുന്ന സാധനങ്ങളും അടക്കം വെയ്ക്കുന്നതും കുട്ടികൾ കഴിയുന്ന ഹാളിൽ. അവയൊക്കെ പോയിട്ട് ബാക്കിയാകുന്ന സ്ഥലത്താണ് നാല്പതോളം കുട്ടികൾ തിങ്ങിഞെരുങ്ങിക്കഴിഞ്ഞത്. ഇത്തരമൊരു അവസ്ഥയിലാണ് ഡൈനിങ് ഹാൾ, അടുക്കള എന്നിവയ്ക്ക് പുതിയ കെട്ടിടമെന്ന തീരുമാനമുണ്ടായത്.
ഇക്കാര്യത്തിന് സ്പോർട്‌സ് കൗൺസിൽ 20 ലക്ഷവും വീണാ ജോർജ് എം.എൽ.എ. അഞ്ചുലക്ഷവും പഞ്ചായത്തിന് അനുവദിച്ചുനൽകി.
ഇവിടെ ജീവിക്കാൻ പാടാണ്...
സ്‌കൂൾ കെട്ടിടത്തിന്റെ പഴയ ഹാളിലാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാലേ ഇതിനകത്ത് ബുദ്ധിമുട്ടില്ലാതെ കഴിയാനൊക്കൂ. ഇതിന്റെ മേൽക്കൂരയിൽ ഇട്ടിരിക്കുന്നത് അലൂമിനിയം ഷീറ്റാണ്. വേനലിൽ ഇത് ചുട്ടുപഴുക്കുന്ന നിലയാണ്. കിണർ വറ്റുന്നതിനാൽ വെള്ളവും കഷ്ടിയാണ്. പഞ്ചായത്ത് ജലസംഭരണി നൽകിയിട്ടുണ്ടെങ്കിലും ഇത്രയും കുട്ടികൾക്കിത് പോരാതെവരുന്നു, കുടിവെള്ളത്തിന് തികയാത്ത അവസ്ഥ. കുളിക്കാൻ ഒന്നരക്കിലോമീറ്ററോളം ദൂരെ പുഴയിൽ പോകണം. കുട്ടികൾ പരിശീലനം കഴിഞ്ഞുവരുമ്പോൾ സന്ധ്യയാകും. അപ്പോൾ വേണം കുളിക്കാൻ.
ചാമ്പ്യൻമാരാണ് മറക്കരുത്
നെറ്റ്‌ബോളിൽ പലകുറി സംസ്ഥാന ചാമ്പ്യൻമാരായ കുട്ടികളാണ് ഇവരിൽ പലരും. നെറ്റ്ബോളിന് സംസ്ഥാനത്തുള്ള ഒരേയോരു ഹോസ്റ്റലാണിത്. പെൺകുട്ടികളുടെ ഹോസ്റ്റൽ സെന്റ് ജോൺസ് സ്‌കൂൾ നൽകിയ കെട്ടിടത്തിലാണ്. നാലുമുറികളാണ് ഇതിനുള്ളത്. ഇവയിലെ ചൂട് തടയാൻ സീലിങ് വേണമെന്ന ആവശ്യം ഉയരുന്നു. മേതൃക്കോവിലിൽ കെട്ടിടത്തിന്റെ പണി തുടങ്ങിയതോടെ ഹോസ്റ്റൽ മാറ്റിയിരുന്നു. പുതിയതിന്റെ പണികൾ നീളുന്നത് പഞ്ചായത്തിന്റെ ശുഷ്‌കാന്തിയില്ലായ്മയാണ് കാണിക്കുന്നതെന്ന ആരോപണം ഉയരുന്നു.
താമസിയാതെ തീർക്കും
കെട്ടിടം പൂർണമായി പണിതുകഴിഞ്ഞു. വൈദ്യുതിസംബന്ധമായ ചില ജോലികളാണ് ഇനി ബാക്കിയുള്ളത്. താമസിയാതെയിതും പൂർത്തിയാകും.
-കെ.ബി. ശശിധരൻ പിള്ള,
പഞ്ചായത്ത് പ്രസിഡന്റ്,
ഇരവിപേരൂർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..