പുതമണ്ണിനുവേണം ഒരു സമാന്തരപാത


റാന്നി: റാന്നി-കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്റെ തകർച്ചയോടെ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ളവർ നേരിടുന്ന രൂക്ഷമായ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടാക്കാൻ പുതമണ്ണിൽ സമാന്തര പാത ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. പാലത്തിന്റെ അപകടസ്ഥിതി അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രമോദ് നാരായൺ എം.എൽ.എ. സമാന്തര പാതയുടെ സാധ്യത പരിശോധിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും ഈ വിഷയം അവതരിക്കപ്പെട്ടെങ്കിലും വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.

ബസുകൾ ഓടിയില്ല

നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്. ബസുകളടക്കം വലിയ വാഹനങ്ങൾ പാലത്തിന്റെ മറുകരയിലെത്തുന്നതിന് 10 കിലോമീറ്ററോളം ദൂരം അധികം സഞ്ചരിക്കണം. റാന്നി ബ്ലോക്കുപടിയിൽനിന്നും കോഴഞ്ചേരി വരെ എത്താനുള്ള ദൂരമാണ് അധികമായി ഓടേണ്ടിവരുന്നത്. ഇത്രയും ദൂരം എങ്ങനെ ഓടി മുതലാക്കുമെന്നാണ് ബസ് ജീവനക്കാരും ഉടമകളും ചോദിക്കുന്നത്. ഇതു കാരണം ബസുകളൊന്നും ഈ റൂട്ടിൽ ഓടാൻ തയ്യാറായിട്ടില്ല. റാന്നി-കോഴഞ്ചേരി റൂട്ടിന്റെ സമയം 35 മിനിറ്റാണ്. ചുറ്റിവന്നാൽ ഒരു മണിക്കൂറിലധികം വേണ്ടിവരും. സമയവും വലിയ പ്രശ്‌നമാണ്. കീക്കൊഴൂരിൽ നിന്നും പേരൂച്ചാൽ പാലം കടന്ന് ചെറുകോൽപ്പുഴ വഴിയാണ് ബസുകൾ സർവീസ് നടത്തുന്നത്.

ചെയിൻ സർവീസിന് സാധ്യത

റാന്നിയിൽനിന്നുള്ള ബസുകൾ പുതമൺവരെയും കോഴഞ്ചേരിയിൽനിന്നുള്ളവ പുതമൺ അക്കരെവരെ സർവീസ് നടത്തി യാത്രാദുരിതത്തിന് താത്കാലിക പരിഹാരമുണ്ടാക്കാമെന്നാണ് ഒരു വിഭാഗം ബസ്സുടമകളും ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നത്. ഇതിന് സമയക്രമമുണ്ടാക്കിയാൽ താത്കാലിക പരിഹാരമുണ്ടാക്കാനാവും. ഒരേ കമ്പനിയുടെ തന്നെ ഒന്നിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഉടമകളുമായും ജീവനക്കാരുമായും ചർച്ചചെയ്ത് ഒരു പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സ്വന്തമായി വാഹനമില്ലാത്തവർ വലയും.

താത്കാലിക പാലം നിർമിക്കണം-സി.പി.എം.

റാന്നി: പുതിയപാലം നിർമിക്കുന്നതുവരെ താത്കാലിക പാലം നിർമിക്കണമെന്ന് സി.പി.എം. ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ഗതാഗത വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം എ.പദ്‌മകുമാർ, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ, ലോക്കൽ സെക്രട്ടറി റോയി ഓലിക്കൽ എന്നിവരോപ്പം സ്ഥലം സന്ദർശിച്ചശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബൈപ്പാസ് റോഡ് വേണം

റാന്നി: പ്രശ്‌നം പരിഹരിക്കുന്നതിനായി പാലത്തിന്റെ ഇരുഭാഗങ്ങളെയും ബന്ധിപ്പിച്ച് പാലത്തിന്റെ സമീപത്തുകൂടി താത്കാലിക ബൈപ്പാസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി.ജനറൽ സെക്രട്ടറിയുമായ കാട്ടൂർ അബ്ദുൽസലാം ജില്ലാ കളക്ടർക്ക് നിവേദനംനൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..