റാന്നി : കോഴഞ്ചേരി-റാന്നി റോഡിൽ അപകടനിലയിലായ പുതമൺ പാലത്തിലൂടെ ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ ഇവിടെ താത്കാലിക പാലം നിർമിച്ചു യാത്രാക്ലേശം പരിഹരിക്കണമെന്ന് ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. ചെറുകോൽപ്പുഴ, മാരാമൺ കൺവെൻഷനുകൾ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്നു. സ്‌കൂൾ വിദ്യാർഥികൾ, രോഗികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങി ആൾക്കാർ യാത്രാദുരിതം അനുഭവിക്കുകയാണ്. പഞ്ചായത്തിലെ ചാക്കപ്പാലത്തുള്ള കുടുംബരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് എത്താൻ ഇപ്പോൾ ഏറെ ബുദ്ധിമുട്ടേണ്ടിയും വരുന്നുണ്ട്.
റോഡിന്റെ ശോച്യാവസ്ഥ, ജൽജീവൻ പദ്ധതിയിലൂടെയുള്ള പൈപ്പിടീൽ എന്നിവ കാരണം ഗതാഗതം തിരിച്ചുവിട്ട പാതകളിലും യാത്ര ദുരിതമായിരിക്കുകയാണ്. പാലത്തിന്റെ ഇരുകരകളിൽനിന്നു റാന്നി, കോഴഞ്ചേരി ഭാഗത്തേക്ക് ബസ് സർവീസുകൾ അടിയന്തരമായി ആരംഭിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നും പ്രസിഡന്റ് കെ.ആർ. സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പിന്നീട് പഞ്ചായത്തിൽ പ്രസിഡന്റ് കെ.ആർ. സന്തോഷ് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗവും ഇതേ ആവശ്യം ഉന്നയിച്ചു.
പുതമണ്ണിൽനിന്നു ഇന്നുമുതൽ സർവീസ് തുടങ്ങിയേക്കും
റാന്നി : റാന്നി-കോഴഞ്ചേരി റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ പുതമണ്ണിൽനിന്നു റാന്നിയിലേക്കും കോഴഞ്ചേരിയിലേക്കും സർവീസുകൾ നടത്താൻ ചില സ്വകാര്യ ബസുകൾ തയ്യാറായി. അനുമതി കിട്ടിയാൽ ചൊവ്വാഴ്ച മുതൽ ഓടാൻ തയ്യാറാണെന്നും ഇവർ അറിയിച്ചു.
പുതമൺ അക്കരെ കരയിൽനിന്നു കോഴഞ്ചേരിയിലേക്ക് ചൊവ്വാഴ്ച രാവിലെ ചില ബസുകൾ ഓടിത്തുടങ്ങിയേക്കും. അതേപോലെ പുതമണ്ണിൽനിന്നു റാന്നിയിലേക്കും സർവീസുകൾ നടത്തിയാൽ ബസുകളെ ആശ്രയിക്കുന്നവരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ ആശ്വാസമാവും. ബസുകൾ പുതമണ്ണിലെത്തുന്ന സമയംകൂടി ക്രമീകരിച്ചാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..