അടൂർ അഗ്നിരക്ഷാസേന നിലയം പ്രവർത്തിക്കുന്ന വാടകക്കെട്ടിടത്തിന്റെ അടിത്തറ ഇളകിയനിലയിൽ
അടൂർ : അടൂർ അഗ്നിരക്ഷാസേന പ്രവർത്തിക്കുന്ന വാടകക്കെട്ടിടം പൊളിഞ്ഞുവീഴാത്തത് ജീവനക്കാരുടെ ഭാഗ്യംകൊണ്ടാണെന്നുമാത്രമേ പറയാനാകൂ. നിലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അടിത്തറയുടെ ഒരുഭാഗം മുഴുവൻ തകർന്ന അവസ്ഥയിലാണ്. നിലവിൽ കെട്ടിടം ഇരുന്ന അവസ്ഥയിലുമാണ്.
അടൂർ ഹോളിക്രോസ് ജങ്ഷനു സമീപത്തെ വർഷങ്ങൾ പഴക്കമുള്ള വാടകക്കെട്ടിടത്തിലാണ് അടൂർ അഗ്നിരക്ഷാസേനാനിലയം പ്രവർത്തിക്കുന്നത്. അടുത്തസമയത്ത് ഈ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗത്തെ പാളി ഇടിഞ്ഞുവീണിരുന്നു. കെട്ടിടത്തിന്റെ പുറകിലത്തെ മേൽക്കൂരയുടെ പാളിയാണ് ഇടിഞ്ഞുവീണത്.
ഭാഗ്യത്തിന് ആർക്കും പരിക്ക് പറ്റിയില്ല. ഏതുസമയവും കോൺക്രീറ്റ് പാളികൾ തലയിൽ വീഴുന്ന അവസ്ഥയിലുള്ള, ചോർന്നൊലിക്കുന്ന കെട്ടിടമാണിത്. മഴ പെയ്താൽ, കെട്ടിടത്തിന്റെ അവസ്ഥയിൽ പേടിച്ച് സേനാംഗങ്ങൾ സമീപത്തുള്ള ഷെഡ്ഡിലാണ് ഇരിക്കുന്നത്.
33 വർഷം മുമ്പാണ് അടൂരിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ഈ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. അഗ്നിരക്ഷാസേനയ്ക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ പന്നിവിഴയിൽ കെ.ഐ.പി.യിൽനിന്ന് 1.99. ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ഈ സ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ സങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയായി. പക്ഷേ, തുടർനടപടികൾ ഒന്നുമായിട്ടില്ല.
നാലുകോടി 81 ലക്ഷം രൂപയാണ് കെട്ടിടം പണിക്കായി സർക്കാർ അനുവദിച്ചത്. ആദ്യം 4.38 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
1226 ചതുരശ്രമീറ്റർ കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെൻഡർ നടപടിയുടെ ഭാഗമായുള്ള കരാർ ഒപ്പിടുന്ന നടപടികൾ നടക്കുകയാണെന്നാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..