കോഴഞ്ചേരി : അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായുള്ള ജ്യോതിപ്രയാണഘോഷയാത്ര വെള്ളിയാഴ്ച ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽനിന്ന് തുടങ്ങും. ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കിൽ തെളിയിക്കാനുള്ള ദീപവുമായാണ് ജ്യോതിപ്രയാണം എത്തുന്നത്.
വെള്ളിയാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ബാലഭട്ടാരകേശ്വരം ക്ഷേത്രത്തിലെ കെടാവിളക്കിൽനിന്ന് ആശ്രമ മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർക്ക് ദീപം പകർന്നുനൽകുന്നതോടെ പ്രയാണത്തിന് തുടക്കമാകും. വിവിധ ക്ഷേത്രങ്ങളിലെയും ഹൈന്ദവ സംഘടനകളുടെയും സ്വീകരണങ്ങൾക്കുശേഷം വൈകീട്ട് ഏഴിന് കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിൽ ഘോഷയാത്രയെത്തും. ശനിയാഴ്ച രാവിലെ 6.30-ന് അവിടെനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാർ ദേവീക്ഷേത്രത്തിലെത്തും. ഞായറാഴ്ച രാവിലെ 6.25-ന് പുറപ്പെടുന്ന ഘോഷയാത്ര 10.45-ന് ചെറുകോൽപ്പുഴ ജങ്ഷനിലെത്തും. എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽനിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്നുള്ള പതാക ഘോഷയാത്രയും ഇതേസമയം ചെറുകോൽപ്പുഴ ജങ്ഷനിലെത്തും.
മൂന്ന് ഘോഷയാത്രകളെയും ഹിന്ദുമതപരിഷത്ത് ഭാരവാഹികൾ സ്വീകരിച്ച് കൺവെൻഷൻ നഗറിലേക്ക് ആനയിക്കും. അതിനുശേഷം പതാക ഉയർത്തി കെടാവിളക്കിലേക്ക് ജ്യോതി പകർന്ന് ചട്ടമ്പിസ്വാമിയുടെ ഛായാചിത്രം വേദിയിൽ സ്ഥാപിക്കുന്നതോടെ ആധ്യാത്മികപരിഷത്തിന് തുടക്കമാകുമെന്ന് മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, ജ്യോതിപ്രയാണ ഘോഷയാത്ര ജനറൽ കൺവീനർ പി.ആർ.ഷാജി, കൺവീനർ എം.എസ്.രവീന്ദ്രൻ നായർ എന്നിവർ പറഞ്ഞു. അഞ്ചുമുതൽ 12 വരെയാണ് ഇത്തവണത്തെ പരിഷത്ത് നടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..