തിരുവാറ്റ പാലത്തിന് മുളയാണ് കവചം


മതിൽഭാഗം തിരുവാറ്റപ്പാലത്തിന്റെ തകർന്ന കൈവരിക്ക്‌ പകരം മുളവെച്ച് കെട്ടിയിരിക്കുന്നു

തിരുവല്ല : എത്രാം തവണയാണ് തിരുവാറ്റ പാലത്തിൽ മുളകെട്ടി യാത്രാസുരക്ഷ ഒരുക്കുന്നതെന്ന് നഗരസഭയ്ക്കുതന്നെ അറിയില്ല. കെട്ടുന്ന മുളകൾ ഉണങ്ങി ഒടിഞ്ഞുപോകുമ്പോൾ കുറേക്കാലം അതേവിധം കിടക്കും. പരാതി കൂടുമ്പോൾ വീണ്ടും മുളകെട്ടും. കഴിഞ്ഞ ദിവസവും ഇങ്ങനെ മുളകെട്ടി. കൈവരികൾ തകർന്ന് അപകടാവസ്ഥയിലായതിനാൽ സൂക്ഷിച്ചുപോകണമെന്ന ഉപദേശം ബോർഡിലാക്കി ഇവിടെ സ്ഥാപിച്ചിട്ടുമുണ്ട്.

വീതി കുറഞ്ഞ പാലം

മതിൽഭാഗം-പാലിയേക്കര റോഡിലാണ് തിരുവാറ്റപ്പാലം. പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ഇരുഭാഗത്തെയും കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. പാലം നിർമിച്ച കാലത്ത് സ്ഥാപിച്ച കൈവരികൾ പിന്നീടൊരിക്കലും നവീകരിച്ചിട്ടില്ല. പാലിയേക്കര കൊട്ടാരം റോഡിൽനിന്ന്‌ ശ്രീവല്ലഭക്ഷേത്രത്തിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്ന ഈ വഴിയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇടുങ്ങിയ പാലത്തിൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടക്കാരും അപകടത്തിൽപ്പെട്ടിട്ടും വീതി കൂട്ടി പാലം പുതുക്കിപ്പണിയാൻ ഇതേവരെ നടപടി ഉണ്ടായിട്ടില്ല. തെക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചും കാലപ്പഴക്കംമൂലം ദ്രവിച്ച് അടർന്നുവീണുമാണ് കൈവരികൾ തകർന്നത്. പാലത്തിന്റെ ഇരുഭാഗങ്ങളിലെയും കോൺക്രീറ്റ് ബീമുകൾകൊണ്ടുള്ള കൈവരികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി തകർന്നുകിടക്കുന്നത്. ചുള്ളിക്കൽപാലം, കണ്ണൻചിറപ്പാലം, തിരുവാറ്റ പാലം, കൈപ്പുഴമഠംപാലം, എന്നിവയുടെ നിർമാണം സംബന്ധിച്ച് നഗരസഭ ബജറ്റിൽ ഇടം പിടിച്ചെങ്കിലും പണികളുടെ കാര്യത്തിൽ തീരുമാനമായില്ല.

അറ്റകുറ്റപ്പണി എവിടെ

കൗൺസിലർമാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലം നവീകരിക്കാൻ നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞയിടെ കൈവരി നന്നാക്കാൻ 1.2 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതി യഥാസമയം ജില്ലാ ആസൂത്രണ സമിതിയിലേക്ക് അയയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ടാണ് കഴിഞ്ഞ ദിവസം വീണ്ടും മുളകെട്ടിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..