തോന്നുംവിധം പാർക്കിങ്; മുണ്ടപ്പുഴ റോഡിന് ശ്വാസംമുട്ടുന്നു


റാന്നി മുണ്ടപ്പുഴ റോഡരികിൽ പാർക്കുചെയ്തിരിക്കുന്ന കാറുകൾ

റാന്നി : മുണ്ടപ്പുഴ റോഡിൽ വാഹനങ്ങളുടെ തോന്നുംവിധത്തിലുള്ള പാർക്കിങ് ഗതാഗത കുരുക്കിനിടയാക്കുന്നു. വീതികുറഞ്ഞ റോഡിൽ ഒരുവശത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നതാണ് പ്രശ്നം. പെരുമ്പുഴ ബസ് സ്റ്റാൻഡ്‌ മുതൽ കൊട്ടാരത്തിൽ ഭജനമഠത്തിന് അപ്പുറത്തേക്കും വാഹനങ്ങളുടെ നിര നീളുന്നു. വളവുകളിലും നോ പാർക്കിങ് ബോർഡുകൾക്ക് മുൻപിലുമൊക്കെ പാർക്കിങ് കാണാം. ഒരു വശത്ത് വാഹനം പാർക്കുചെയ്താൽ മറ്റൊരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. ചെറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിർദിശയിൽ ഓട്ടോറിക്ഷയെത്തിയാൽപോലും പലഭാഗത്തും ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതേച്ചൊല്ലി മുണ്ടപ്പുഴ നിവാസികളും വാഹന ഉടമകളും തമ്മിൽ തർക്കം പതിവാണ്. താലൂക്ക് ആശുപത്രിയിലേക്ക് കടക്കുന്ന ഭാഗത്തും പലപ്പോഴും വാഹന പാർക്കിങ് ഗതാഗതക്കുരുക്ക് ഉണ്ടാക്കാറുണ്ട്. സമീപം പാർക്കിങ് ഗ്രൗണ്ട് ഉണ്ടെങ്കിലും 20 രൂപ നൽകണമെന്നതിനാൽ വരുന്നവർ റോഡരികിൽ പാർക്കുചെയ്യുകയാണ്.

ഈ റോഡരികിലെ കെട്ടിടങ്ങളിലാണ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്. വഴിയരികിൽ പാർക്കു ചെയ്യുന്നവരിലേറെയും ഡോക്ടർമാരെ കാണാനെത്തുന്നവരാണ്. താലൂക്ക് ആശുപത്രിയിൽ പോകുന്നവരും ലാബുകളിലെത്തുന്നവരുടെയും വാഹനങ്ങൾ ഇവിടെ പാർക്കുചെയ്യാറുണ്ട്. താലൂക്കാശുപത്രിയിലേക്ക് ആംബുലൻസടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പല തവണ താലൂക്ക് വികസനസമിതിയിലടക്കം ചർച്ചയായിട്ടുള്ളതാണ്. ഏതാനും ദിവസത്തേക്ക് ഗതാഗതം സുഗമമാകും. പിന്നീട് പഴയപോലെ തുടരുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. സ്ഥിരമായി നടപടിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്താനാണ് നാട്ടുകാരുടെ തീരുമാനം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..