കൈപ്പട്ടൂർ പഴയകടവിലുള്ള എ-ഗ്രേഡ് ഹരിതസംഘം വിപണി കാടുകയറിക്കിടക്കുന്നു
കൈപ്പട്ടൂർ : ‘കാട്ടുവള്ളി’കളുമായി എ-ഗ്രേഡ് ഹരിതസംഘം വിപണി കൈപ്പട്ടൂർ പഴയകടവിലുണ്ട്. ഇവിടെ കാട്ടുവള്ളികളുടെ സംഭരണമോ, വിപണനമോ ഒന്നുമല്ല. ഉപയോഗിക്കാതെയും, ആരും തിരിഞ്ഞുനോക്കാതെയും കിടന്നപ്പോൾ കയറിയ കാടാണിതെല്ലാം.
കർഷകർ ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികളുടെ സംഭരണവും വിപണനവും ലക്ഷ്യംവെച്ച് നിർമിച്ച കേന്ദ്രത്തിനാണ് ഈ വിധി. കുറച്ചുകാലമായി പ്രവർത്തനങ്ങളില്ലാതെ കിടക്കുകയാണ് കേന്ദ്രം. ഒാണം, വിഷു കാലത്ത് കുടുംബശ്രീ പ്രവർത്തകർ വിപണനമേള നടത്തുന്നതല്ലാതെ മറ്റൊന്നിനായും ഇവിടം ഉപയോഗിക്കുന്നുമില്ല. കഴിഞ്ഞ ഒാണത്തിലെ കച്ചവടത്തിന്റെ ബാക്കിപത്രമായി ഫ്രിഡ്ജും അനുബന്ധ സാധനങ്ങളും ഇതിനുള്ളിൽ കിടക്കുന്നുണ്ട്. കാട് കേന്ദ്രത്തിന്റെ ഉള്ളിലും കയറിയിട്ടുള്ളതിനാൽ ഇതെല്ലാം പൂർണമായും നശിച്ചിട്ടുണ്ടാകും.
സാമ്പത്തിക പ്രശ്നങ്ങൾ
വള്ളിക്കോട് കൃഷിഭവന്റെ മേൽനോട്ടത്തിലുള്ള ഈ ഹരിത സംഘം വിപണി 2012-13 വർഷമാണ് നിർമിച്ചത്. വിപണന കേന്ദ്രത്തിന്റെ നടത്തിപ്പ് കർഷകസംഘത്തിനായിരുന്നു. ആദ്യ കാലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ വന്നതോടെ സംഘം വിപണി ഉപേക്ഷിച്ചു. പിന്നീട് പലപ്പോഴായി നവീകരിക്കാൻ ശ്രമം നടന്നു. പുതിയ കർഷകസംഘം രൂപവത്കരിച്ചപ്പോഴും ഇതിന്റെ പുനഃപ്രവർത്തനങ്ങളെപ്പറ്റി ചിന്തിച്ചു. കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായതിനാൽ അതിനായി പ്രത്യേകം ജീവനക്കാരനെ നിയമിക്കാൻ സംഘം ആവശ്യപ്പെട്ടിരുന്നു. വേതനം കുറവായിരിക്കും എന്നതുകൊണ്ട് ആരെയും ലഭിച്ചില്ല.
ഇഴജന്തുക്കളുടെ താവളം
കാടുപിടിച്ചുകിടക്കുന്നതിനാൽ സമീപത്തെ കച്ചവടക്കാർക്കും നാട്ടുകാർക്കും ഇഴജന്തുക്കളെപ്പേടിച്ച് ഇതുവഴി നടക്കാൻ പേടിയാണ്. ഇതിനടുത്തായാണ് പല കടക്കാരും വണ്ടിയിടുന്നത്. വഴിയിലേക്ക് കാടുകയറുന്ന സ്ഥിതിവന്നപ്പോൾ നാട്ടുകാർ കുറച്ചു ഭാഗത്തെ കാടുകളഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..