Caption
പത്തനംതിട്ട : മറ്റുപാർട്ടികളിൽപ്പെട്ടവരെ അവരുടെ മുൻ പശ്ചാത്തലം നോക്കാതെ പാർട്ടിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലേലത്തിൽ പിടിച്ചവരെ തടയാൻ സി.പി.എം. പ്രവർത്തകർ കഴിഞ്ഞ ദിവസം നഗരത്തിൽ ഒത്തുകൂടിയതെന്ന് വിലയിരുത്തൽ.
പത്തനംതിട്ട നഗരസഭാ മുൻ അധ്യക്ഷയും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന നേതാവുമായിരുന്ന അജീബ എം.സാഹിബിന്റെ ഉടമസ്ഥതയിലുള്ള നാലുസെന്റ് ഭൂമിയും അതിലുള്ള കടമുറിയും വായ്പ അടവ് മുടങ്ങിയപ്പോൾ ലേലത്തിൽ പിടിച്ചവരെ തടയാനാണ് സി.പി.എം. പ്രവർത്തകരെത്തിയത്. കാതോലിക്കേറ്റ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകനായിരുന്ന സി.വി.ജോസിന്റെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെടുകയും കോടതി വിട്ടയയ്ക്കുകയും ചെയ്തയാളിന്റെ ഭാര്യയാണ് അജീബ.
അത്തരമൊരു പശ്ചാത്തലമുള്ള ആളിന്റെ കാര്യത്തിൽ പാർട്ടി ഇടപെട്ടത് ഒരുവിഭാഗം പ്രവർത്തകരിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അജീബ ഏറെക്കാലമായി കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുകയാണ്. സി.പി.എമ്മിൽ അംഗത്വം നൽകണമെന്ന് ജില്ലാ നേതൃത്വത്തിന് താത്പര്യവുമുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലും ഈ വിഷയം എത്തിയിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് വിവരം.
കോടതിയിലെ കേസുകളും സി.വി.ജോസ് വിഷയവും സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ടയിൽനിന്നുതന്നെ ചിലർ ധരിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അഭിഭാഷക കമ്മിഷന്റെ സഹായത്തോടെ ലേലം പിടിച്ചവർ വീട് ഒഴിപ്പിക്കാനെത്തിയപ്പോൾ തടയാൻ ജില്ലാ നേതൃത്വം നിർദേശം നൽകി. പക്ഷേ, സംഭവം തിരിഞ്ഞുകൊത്തുമെന്ന് കണ്ടതിനെ തുടർന്നാണ് തടച്ചിലും സംഘർഷവും ഉണ്ടാക്കേണ്ട എന്ന നിർദേശം വന്നത്.
കോൺഗ്രസുകാർ രക്ഷയ്ക്കെത്തിയില്ലെന്ന് ഡി.വൈ.എഫ്.ഐ.
അജീബയുടെ പേരുപറയാതെ ഡി.വൈ.എഫ്.ഐ. സംഭവത്തിൽ വിശദീകരണം നൽകി. കോൺഗ്രസ് പ്രവർത്തകയായ അവർക്ക് വസ്തു നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടും കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സൂരജ് എസ്.പിള്ള വിശദീകരിച്ചു. ധനകാര്യസ്ഥാപനങ്ങളിൽ വസ്തു പണയംവെച്ച് വായ്പ എടുക്കുന്നവരുടെ വസ്തു കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാൻ ജില്ലയിൽ പ്രവർത്തിക്കുന്ന മാഫിയാസംഘമാണ് ഇവിടെയും വന്നത്. കോടികൾ വിലവരുന്ന ഭൂമി കൈക്കലാക്കാൻ ബാങ്ക് അധികൃതരും ഒത്താശ ചെയ്യുന്നുണ്ട്. വസ്തു ഒഴിപ്പിക്കുന്നത് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടം ഉടമകൾ ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിൽ നൽകിയ അപേക്ഷയിൽ ഉത്തരവ് വരുംമുമ്പാണ് ഒഴിപ്പിച്ചതെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..