ലൈഫ് മിഷൻ കെട്ടിടംപണി വീണ്ടും മുടങ്ങി


Caption

പന്തളം : പന്തളത്താരംഭിച്ച ജില്ലയിലെ ആദ്യത്തെ ഭവനസമുച്ചയത്തിന്റെ പണി വീണ്ടും മുടങ്ങി. കോവിഡും സാധനസാമഗ്രികളുടെ വിലവർധനയുംകാരണം ആദ്യം മുടങ്ങിയ പണി ഇടയ്ക്ക് പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മുടങ്ങി. കരാറുകാരന് പാർട്ട് ബില്ല് മാറിക്കിട്ടാത്തതാണ് പണിക്ക് തടസ്സമെന്ന് ലൈഫ് മിഷന്റെ ചുമതലക്കാർ പറയുന്നു. രണ്ട് ഫ്ളാറ്റാണ് മുടിയൂർക്കോണത്ത് പണിയാരംഭിച്ചത്. രണ്ടും അടിത്തറയിലെ തൂണുകൾ വാർത്തിട്ട നിലയിലാണ്. 2020 ഓഗസ്റ്റിൽ ആരംഭിച്ചതാണ് പണി. 6.57 കോടി രൂപയാണ് അടങ്കൽ ചെലവ്.

പന്തളം നഗരസഭയുടെ 72.5 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്നത്. ഈ സ്ഥലത്തോടുചേർന്ന് സാംസ്കാരികനിലയവും അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.

ഒരു ടവറിൽ 32 ഫ്ളാറ്റും രണ്ടാമത്തെ ടവറിൽ 12 ഫ്ളാറ്റുമായി 44 കുടുംബത്തിനാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. ഒരു ഫ്ളാറ്റിന്റെ തറ വിസ്തീർണം 500 ചതുരശ്രയടിയാണ്. ചുറ്റുമതിൽ, 24 മണിക്കൂറും ശുദ്ധജലം, മലിനജല സംസ്കരണ പ്ലാന്റ്, സോളാർ വൈദ്യുത പ്ലാന്റ് മുതലായ അനുബന്ധസൗകര്യങ്ങളും ഒരുക്കും.

തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫ്ളാറ്റുകളുടെ രൂപകല്പന നിർവഹിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

സാധനസാമഗ്രികളുടെ വില വർധിച്ചതനുസരിച്ച് തുക കൂട്ടിക്കൊടുക്കില്ലെന്ന് കരാറുള്ളതിനാൽ പൂർണമായും സ്റ്റീലിൽ പണിയുന്ന കെട്ടിടങ്ങൾക്ക് വലിയ തുക അധികമാകുമെന്ന് കരാറുകാർ പറയുന്നു.

പണം കൂട്ടിനൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുവരികയുമാണ്. ആറുമാസത്തിനകം പൂർത്തീകരിക്കാനായുള്ള സാങ്കേതികവിദ്യകൾ അവലംബിച്ചായിരുന്നു പണി തുടങ്ങിയത്. എന്നാൽ രണ്ടര വർഷമാകാറായിട്ടും പണിക്ക് നീക്കമില്ല.

ഫ്ളാറ്റുകൾ കുടുംബങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കുകയും അനന്തരവകാശികൾക്ക് കൈമാറുകയും ചെയ്യാമെങ്കിലും വിൽക്കാനോ വാടകയ്ക്ക് നൽകാനോ അനുവദിക്കില്ല.

താമസക്കാരുടെ പ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന ഒരു മാനേജ്‌മെന്റ് കമ്മിറ്റി ഫ്ളാറ്റ് സമുച്ചയത്തിന്റെ തുടർസംരക്ഷണത്തിനായി പ്രവർത്തിക്കും. കെട്ടിടത്തിന്റെ സംരക്ഷണച്ചെലവുകളിലേക്കായി, ഓരോ കുടുംബവും നഗരസഭ നിശ്ചയിക്കുന്ന ചെറിയതുക എല്ലാ മാസവും അടയ്ക്കുകയും വേണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..