പുല്ലാട് : കല്ലുങ്കൽ പാടശേഖരത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് കൊയ്ത്തു മുടങ്ങി. പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ പ്രധാന കനാലിൽനിന്ന് തോട്ടപ്പുഴശ്ശേരിക്കുപോകുന്ന സബ് കനാലിൽനിന്നാണ് പാടത്തേക്ക് വെള്ളം കയറിയത്.
30 വർഷത്തോളം തരിശുകിടന്ന കല്ലുങ്കൽ പാടശേഖരത്തിൽ പല പ്രാവശ്യം നെല്ല് കൃഷിചെയ്തെങ്കിലും ഇപ്രാവശ്യമാണ് കൊയ്യാൻ പാകമായി കിട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ച കൊയ്ത്തുത്സവം നടന്ന പാടശേഖരത്തിൽ കൊയ്യാനായി കൊയ്ത്തുയന്ത്രം ഇറക്കിയപ്പോൾ താണുപോയി. കഴിഞ്ഞ മൂന്നുദിവസമായി പല പ്രാവശ്യം പാടത്ത് യന്ത്രം ഇറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വെള്ളം പൂർണമായി ഒഴിഞ്ഞുപോകാതെ കൊയ്ത്തുയന്ത്രം ഉപയോഗിക്കാൻ പറ്റില്ല. 90 ദിവസംകൊണ്ട് വിളയുന്ന ‘മണിരത്‌ന’ എന്ന വിത്താണ് ഇവിടെ വിതച്ചത്. ഇപ്പോൾ 100 ദിവസം കഴിഞ്ഞസ്ഥിതിക്ക് എത്രയുംപെട്ടെന്ന് നെല്ല് കൊയ്‌ത് മാറ്റേണ്ടതുണ്ട്.
‘ഉമയ്ക്ക്’ വെള്ളം വേണം, ‘മണിരത്നയെ’ കൊയ്തെടുക്കണം
കല്ലുങ്കൽ പാടശേഖരത്തിൽ കോയിപ്രം പഞ്ചായത്തുഭാഗത്ത് 90 ദിവസംകൊണ്ട് പാകമാകുന്ന ‘മണിരത്‌ന’ നെല്ലാണ് കൊയ്യാൻ പാകമായി നിൽക്കുന്നത്. ഇപ്പോൾ 100 ദിവസം കഴിഞ്ഞ സ്ഥിതിക്ക് ഇനി വെള്ളംകയറുകയോ മഴപെയ്യുകയോ ചെയ്‌താൽ നെല്ല് നശിച്ചുപോകും. തോട്ടപ്പുഴശ്ശേരി ഭാഗത്ത് കൃഷി ചെയ്തിരിക്കുന്നത് 150 ദിവസംകൊണ്ട് പാകമാകുന്ന ഉമ നെല്ലിനമാണ്. ഇപ്പോൾ 110 ദിവസം പ്രായമായ നെല്ലിന് തുടർച്ചയായി വെള്ളം ലഭിക്കേണ്ടതുണ്ട്. രണ്ടുകൂട്ടരുടെയും ആവശ്യങ്ങൾ നടത്തിക്കൊടുക്കേണ്ടുന്ന അവസ്ഥയിലാണ് ഇറിഗേഷൻ വകുപ്പ്.
തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുപോകുന്ന സബ് കനാൽ വീതിക്കുറവുമൂലം ചപ്പുചവറുകൾ വന്നടിഞ്ഞ് തടസ്സമുണ്ടായി വെള്ളം കനാലിന് പുറത്തേക്കൊഴുകുന്നു. ഈ വെള്ളം പാടശേഖരത്തിലേക്കു ഒഴുകിയെത്തിയതാണ് കൊയ്‌ത്തുയന്ത്രം താഴാനും കൊയ്‌ത്ത് മുടങ്ങാനും കാരണം. രണ്ടുദിവസമായി സബ്കനാലിലൂടെ വെള്ളം ഒഴുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കനാലിലെ തടസ്സങ്ങളെല്ലാം നീക്കി പാടത്തെ വെള്ളം വലിഞ്ഞുപോയതിനുശേഷം തിങ്കളാഴ്‌ചയോടെ കൊയ്‌ത്ത് പുനരാരംഭിക്കാൻ പറ്റുമെന്നാണ് പാടശേഖര സമിതി പറയുന്നത്.
പമ്പ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനു, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി.എൽ. അമ്പിളി, കോയിപ്രം കൃഷി ഓഫീസർ സൂസൻ തോമസ്, തോട്ടപ്പുഴശ്ശേരി കൃഷി ഓഫീസർ എ. ധന്യ എന്നിവർ പാടശേഖരം സന്ദർശിച്ച് സമിതിയുമായി ചർച്ച നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..