രണ്ടുവർഷമായി റോഡുപണി മുടങ്ങിക്കിടന്ന മുട്ടുമൺ-ചെറുകോൽപ്പുഴ റോഡിൽ ടാറിങ് തുടങ്ങിയപ്പോൾ
പുല്ലാട് : രണ്ടുവർഷമായി മുടങ്ങിക്കിടന്ന മുട്ടുമൺ-ചെറുകോൽപ്പുഴ റോഡിൽ ടാറിങ് തുടങ്ങി. മുട്ടുമൺ ജങ്ഷനിൽനിന്നാണ് ടാറിങ് തുടങ്ങിയത്. രണ്ടാഴ്ചമുമ്പ് റോഡിൽ മെറ്റൽ വിരിച്ച് ഉറപ്പിച്ചിരുന്നു. ആറന്മുള നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള മുട്ടുമൺ ജങ്ഷൻ മുതൽ കാഞ്ഞേറ്റുകരവരെയുള്ള ഭാഗത്താണ് ഇപ്പോൾ ടാറിങ് തുടങ്ങിയിരിക്കുന്നത്.
റാന്നി നിയോജകമണ്ഡലത്തിൽപ്പെട്ട ചെറുകോൽപ്പുഴ മുതൽ കാഞ്ഞേറ്റുകരവരെ ഒരുകൊല്ലം മുമ്പ് ടാറിങ് പൂർത്തിയായിരുന്നു. ഈ റോഡിനോട് അനുബന്ധിച്ചുള്ള ഇളപ്പുങ്കൽ ജങ്ഷൻ- മാരാമൺ റോഡിലും ഇതോടൊപ്പം ടാറിങ് നടത്തും. കഴിഞ്ഞ ദിവസം നെടുമ്പ്രയാർ ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്ന യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതെ എത്രയും പെട്ടെന്ന് ടാറിങ് ജോലികൾ ചെയ്തുതീർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ, ജലവിഭവ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകളുമായി ബന്ധപ്പെട്ട സർക്കാർതല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നടന്ന യോഗങ്ങളിൽ റോഡുപണി പൂർത്തിയാക്കാത്തതിനെതിരേ വിമർശനം ഉയർന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..