• കോയിപ്രം ആത്മ ഓഫീസ് രണ്ടുകൊല്ലമായി അടച്ചിട്ടനിലയിൽ
പുല്ലാട് : കർഷകരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിതരണക്കാരിലെത്തിച്ചിരുന്ന കോയിപ്രം ഫാർമർ എക്‌സ്‌ടെൻഷൻ ഓർഗനൈസേഷന്‍റെ (ആത്മ) പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം. കോയിപ്രം ബ്ളോക്ക് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ 2017-18 കാലത്താണ് പ്രവർത്തിച്ചുതുടങ്ങിയത്. ആദ്യ ഭരണസമിതിയുടെ കാലാവധി 2019-20-ൽ കഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം നിലച്ചു.
കോയിപ്രം ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കോയിപ്രം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, അയിരൂർ, ഇരവിപേരൂർ, എഴുമറ്റൂർ എന്നീ ആറ് പഞ്ചായത്തുകളിൽനിന്നുള്ള കർഷകരാണ് ആത്മയിൽ അംഗങ്ങളായിട്ടുള്ളത്. പ്രസിഡന്റും സെക്രട്ടറിയുമടക്കം 12 അംഗങ്ങളാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലുള്ളത്. കോവിഡ് കാലത്ത് നാലുമാസത്തോളം പ്രവർത്തനം മുടങ്ങിയിരുന്നു.
ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിനുശേഷമുള്ള ലേലം വിളികളിലൂടെയാണ് കച്ചവടക്കാർ കാർഷികവിളകൾ വാങ്ങിയിരുന്നത്. ഇടനിലക്കാർ ഇല്ലാത്തതിനാൽ കർഷകർക്ക് ന്യായവില കിട്ടിയിരുന്നു. ഓരോ വർഷവും രണ്ടരലക്ഷം രൂപയുടെ ഇടപാടുകൾ ഇവിടെ നടന്നിരുന്നു. കോയിപ്രം കൃഷിഭവന്റെയും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെയും നേതൃത്വത്തിലാണ് ആത്മ പ്രവർത്തിച്ചിരുന്നത്. എത്രയുംപെട്ടെന്ന് ഓഫീസ് തുറന്നുപ്രവർത്തിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. മാർച്ചിൽ പ്രവർത്തനം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൽ. അമ്പിളി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..