കുറുങ്ങഴ എം.ടി.എൽ.പി.സ്കൂളിന് സമീപം അപകടത്തിൽപ്പെട്ട കാർ
പുല്ലാട് : കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ പുല്ലാട് കുറുങ്ങഴ എം.ടി.എൽ.പി. സ്കൂളിന് സമീപം കാർ അപകടത്തിൽപ്പെട്ടു. പുല്ലാട് സ്വദേശിയായ പ്രതീഷ് നാരായണൻ നമ്പൂതിരി മകനെ വെണ്ണിക്കുളത്തുള്ള സ്കൂളിലെത്തിച്ചശേഷം തിരികെ വരുമ്പോൾ, കെ.എസ്.ആർ.ടി.സി. ബസിന് സൈഡ് കൊടുക്കുമ്പോൾ റോഡിലേക്ക് ഇറക്കി നിർമിച്ച കലുങ്കിന്റെ പാരപ്പെറ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
മുമ്പും പ്രതിഷേധം
ഒന്നരക്കൊല്ലം മുമ്പ് കുറുങ്ങഴ എം.ടി.എൽ.പി. സ്കൂളിന് സമീപം കലുങ്കിന്റെ പാരപ്പെറ്റ് റോഡിലേക്കിറക്കി നിർമിക്കാനായിരുന്നു നീക്കം.
നിർമാണം തുടങ്ങിയപ്പോൾ കോയിപ്രം പഞ്ചായത്തിലെ മൂന്നാംവാർഡ് മെമ്പർ ജോൺസന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് നിർമാണം നിർത്തിവെയ്ക്കുകയും അസി. എൻജിനീയർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. പാരപ്പെറ്റ് റോഡിൽനിന്ന് നീക്കി ഓടയോടുചേർത്ത് നിർമിക്കാമെന്ന് ഉറപ്പുനൽകി.
മൂന്നുമാസം കഴിഞ്ഞ് ഓടയോടുചേർന്ന് പാരപ്പെറ്റ് നിർമിക്കുന്നതിന് പകരം കോൺക്രീറ്റ് സ്ളാബുകൾ റോഡിനോട് ചേർത്ത് അടുക്കിവെച്ചു. ഉറപ്പില്ലാതെ അടുക്കിവെച്ച ഈ സ്ളാബുകളിൽ ഇടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. പാരപ്പെറ്റ് റോഡിലേക്ക് ഇറക്കി നിർമിച്ചിരിക്കുന്നതിനാൽ ഓടയോടുചേർന്ന് രൂപപ്പെട്ട കുഴി സ്ളാബിട്ടുമൂടാതെ തുറന്നു കിടക്കുകയാണ്.
കഴിഞ്ഞ മാസം ഈ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരന് പരിക്കുപറ്റിയിരുന്നു. നാട്ടുകാർ പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും സംസ്ഥാനപാതാ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..